പത്തനംതിട്ട: കേരള സര്‍ക്കാരിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്നും ലാപ്പ്‌ടോപ്പ് പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നും കുന്നന്താനം സെന്റ് മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ പാലക്കല്‍ത്തകിടിയിലാണ് വിദ്യാലയം എന്നതുകൊണ്ട് ജില്ലയിലെ കുന്നന്താനം പഞ്ചായത്തിന്റെ രണ്ടു മുതല്‍ ആറു വരെ വാര്‍ഡുകളിലും കോട്ടയം ജില്ലയിലെ കറുകച്ചാല്‍, മാടപ്പളളി പഞ്ചായത്തുകളില്‍ സ്‌കൂളിന് സമീപമുള്ള വാര്‍ഡുകളിലുമാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനായി മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ പഠനാവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സമൂഹം ഒന്നിച്ച് നിന്ന് അതിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇടപെടലുകള്‍ നടന്നു വരുന്ന സാഹചര്യത്തിലാണ് ഹരിത കേരള മിഷന്‍ സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന മാതൃകാ പദ്ധതിക്ക് തുടക്കമിടുന്നത്.
കൃഷി, ജലസംരക്ഷണം, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ മാതൃകാ പദ്ധതിയാണ് ഹരിത കേരള മിഷന്‍. മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പാഴ് വസ്തുക്കള്‍ ശേഖരിച്ച് മാലിന്യ സംസ്‌കരണം ഫലപ്രദമായി നടന്നുവരുന്നു.
ഇവയില്‍ പലതിനും മെച്ചപ്പെട്ട വിലയും ലഭിക്കുന്നവയാണ്. അതിനാല്‍ അവ ശേഖരിച്ച് വില്‍ക്കുവാനും അതില്‍ നിന്ന് ലഭിക്കുന്ന തുക ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ മാലിന്യത്തില്‍ നിന്നും ലാപ്പ്‌ടോപ്പിലേക്ക് ഉപയോഗപ്പെടുത്തും. പദ്ധതി ഇന്ന് ( ഓഗസ്റ്റ് 15 ) ആരംഭിച്ച് അധ്യാപക ദിനത്തില്‍ സമാപിക്കും. പിടിഎയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും സഹകരിപ്പിച്ച് പദ്ധതിക്ക് സ്‌കൂള്‍ നേതൃത്വം നല്‍കും.
കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി. രാധാമണിയമ്മ, ഗിരീഷ് കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ. ജെമീല ബീഗം, പിടിഎ പ്രസിഡന്റ് എസ്.വി. സുബിന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കമലമ്മ നാരായണന്‍, പ്രമീള സുരേഷ്, ഷിജു എം. സാംസണ്‍, അധ്യാപകരായ ജയ്‌മോന്‍ ബാബുരാജ്, നിര്‍മല, വീണ, ജിജു വൈക്കത്തുശേരി എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി ചെയര്‍പേഴ്‌സണായും ഹെഡ്മിസ്ട്രസ്് കെ. ഫാമില ബീഗം കണ്‍വീനറായും രൂപീകരിച്ച 101 അംഗ സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഗ്രാമ പഞ്ചായത്തംഗം ചെയര്‍മാനും ഹരിത കര്‍മസേന അംഗങ്ങള്‍ കണ്‍വീനറായും വാര്‍ഡ്/ പ്രാദേശിക സംഘാടകസമിതിക്കും രൂപം നല്‍കും. സ്‌ക്വാഡുകള്‍ രൂപീകരിച്ച് 29 ന് ഉള്ളില്‍ ഭവന സന്ദര്‍ശനം നടത്തും. ഓരോ വാര്‍ഡിലും നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് മാലിന്യം ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ ഓഗസ്റ്റ് 30 മുതല്‍ ഏറ്റുവാങ്ങും. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനം വരെ നീണ്ടു നില്‍ക്കുന്ന ശേഖരണത്തിന് ശേഷം ഹരിത കര്‍മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കള്‍ തരംതിരിക്കും. തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.