ഫിലഡല്‍ഫിയ: സഹോദര നഗരത്തിന്റെ തിരുമുറ്റത്ത് ഇതര സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ദേശീയ ഓണാഘോഷം ഓഗസ്റ്റ് 21-ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ ജോഷി കുര്യാക്കോസ് നഗറില്‍ (Cannstatter Volkfest verein, 9130 Accademy Rd, Philadelphia, PA , 19114) വച്ചു നടത്തുന്നതാണ്.
മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ പൈതൃകം നഷ്ടപ്പെടാതെ പ്രവാസികളുടെ ഇടയില്‍ ആഘോഷിച്ചുവരുന്ന ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര, സാംസ്കാരിക പൊതുസമ്മേളനം, ആദരിക്കല്‍ ചടങ്ങുകള്‍, വിഭവസമൃദ്ധമായ ഓണസദ്യ, അടുക്കള തോട്ട മത്സരം, വടംവലി മത്സരം തുടങ്ങിയ ധാരാളം വ്യത്യസ്തവും വിപുലവുമായ ഓണാഘോഷമാണ് ഈവര്‍ഷം ഒരുക്കിയിരിക്കുന്നതെന്ന് സുമോദ് നെല്ലിക്കാല (ചെയര്മാന്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം) അറിയിച്ചു.
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷമാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവാസികള്‍ക്കായി ഒരുക്കുന്നതെന്നും, ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനും കൈമാറുന്നതിനുമാണ് ഇതുപോലുള്ള ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നതെന്നും, അമേരിക്കന്‍ മലയാളികളുടെ ഇടയിലും ഓരോ വര്‍ഷം ചെല്ലുന്തോറും ഓണാഘോഷത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുകയാണെന്നും , എന്നാല്‍ ഓണാഘോഷം സാമൂഹിക സാംസ്കാരിക വേദികളിലാണ് ആഘോഷിക്കേണ്ടതെന്നും, മറിച്ച് ദേവാലയങ്ങളുടെ അന്തരീക്ഷങ്ങളിലും, അണുകൂട്ടങ്ങളിലും നടത്തി ഓണാഘോഷത്തിന്റെ പ്രസക്തി പ്രവാസികളുടെ ഇടയില്‍ കുറയുകയാണെന്നും വിന്‍സെന്റ് ഉലഹന്നാന് (ചെയര്മാന്, ഓണാഘോഷം) അറിയിക്കുകയുണ്ടായി.
നാടന്‍ കലാരൂപങ്ങളുടെ അവതരണം, ചെണ്ടമേളം, നിറപ്പകിട്ടാര്‍ന്ന അത്തപ്പൂക്കളം, തന്റെ പ്രജകളുടെ ക്ഷേം അന്വേഷിക്കുന്നതിനായി വര്‍ഷത്തിലൊരിക്കല്‍ മാത്രം എത്താറുള്ള മാവേലിമന്നന്റെ എഴുന്നള്ളത്ത്, കൈകൊട്ടിക്കളി, മെഗാ തിരുവാതിര, നൃത്തവിദ്യാലയങ്ങളുടെ നൃത്തകലാവിരുന്ന്, ഗാനമേള തുടങ്ങിയ നിരവധി വ്യത്യസ്ത തരത്തിലുള്ള കാര്യപരിപാടികള്‍ ഈവര്‍ഷം അരങ്ങേറുന്നതാണ്.
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പ്രൗഢഗംഭീരമായ ഓണാഘോഷവേദിയില്‍ വച്ചു പതിവുപോലെ എല്ലാവര്‍ഷവും നടത്തിവരാറുള്ള ആദരിക്കല്‍ ചടങ്ങ് ഈവര്‍ഷവും ഉണ്ടായിരിക്കുന്നതാണ്. പ്രവാസ ജീവിതത്തിനിടയിലെ ജോലിത്തിരക്കിനിടയിലും തങ്ങളുടേതായ വ്യത്യസ്ത മേഖലകളില്‍ സംഭാവന ചെയ്യുകയും, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കിയ മഹദ് വ്യക്തികളെയാണ് ആദരിക്കുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ അവാര്‍ഡുകളുടെ പ്രസക്തി കുറഞ്ഞുവരുമ്പോഴും അവാര്‍ഡ് നിര്‍ണയത്തിലെ സുതാര്യതകൊണ്ടും ഉപരിയായി അര്‍ഹിക്കുന്നവരില്‍ എത്തുമ്പോഴാണ് പുരസ്കാരങ്ങളുടെ മഹത്വം വര്‍ധിക്കുന്നതെന്നും ജീമോന്‍ ജോര്‍ജ് (ചെയര്മാന്, അവാര്‍ഡ് കമ്മിറ്റി) പറയുകയുണ്ടായി.
ഈവര്‍ഷത്തെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവാര്‍ഡ് 2021-ന് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത് മേരിലാന്റ് സംസ്ഥാനത്തെ മോണ്ട് ഗോമറി കൗണ്ടിയില്‍ അസി. പോലീസ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചുവരുന്നതും, കൂടാതെ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും തെളിയിക്കപ്പെടാതെ കിടന്ന നിരവധി കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനു നേതൃത്വം കൊടുക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിനും നിരവധി പുരസ്കാരങ്ങള്‍ക്ക് പാത്രീഭുതനാകുകയും, മേരിലാന്റ് നാഷണല്‍ ക്യാപ്പിറ്റല്‍ പാര്‍ക്ക് പ്ലാനിംഗ് കമ്മീഷന് അംഗവും കൂടാതെ സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് എന്ന സംഘടനയുടെ പ്രഥമ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ഷിബു ഫിലിപ്പോസിനാണ് നല്‍കുന്നത്. മാനേജ്മെന്റ് സയന്‍സില്‍ ഉന്നത വിദ്യാഭ്യാസം മേരിലാന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ബീന ഫിലിപ്പോസ്, മക്കള്‍: ഡാനിയേല്‍, ദിവ്യ, ധന്യ. കുടുംബസമേതം മേരിലാന്റില്‍ താമസിക്കുന്നു.
ഓണാഘോഷത്തിന്റെ വന്‍വിജയത്തിനായി സാജന് വര്‍ഗീസ്, രാജന് ശാമുവേല്‍, അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാന്, ജോബി ജോര്‍ജ്, ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍, കുര്യന് രാജന്, സുധാ കര്‍ത്താ, റോണി വര്‍ഗീസ്, ലെനോ സ്കറിയ, ബെന്നി കൊട്ടാരത്തില്‍, സുരേഷ് നായര്‍, ജോണ്‍ ശാമുവേല്‍, ജോണ്‍ പി. വര്‍ക്കി, റോയി ശാമുവേല്‍, ദിലീപ് ജോര്‍ജ്, ജോര്‍ജി കാവില്‍, പി.കെ. സോമരാജന്, ബ്രിജിറ്റ് വിന്‍സെന്റ്, ശോശാമ്മ ചെറിയാന് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നതായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം പത്രക്കുറിപ്പില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്