ഇന്നും നാളെയും ജില്ലയില്‍ കോവിഡ് ടെസ്റ്റ് മഹായജ്ഞം

Spread the love

post

40000 പേരെ ടെസ്റ്റിന് വിധേയരാക്കും

കോഴിക്കോട്: കോവിഡ്  രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി ഇന്നും നാളെയും (വെളളി, ശനി) കോവിഡ് ടെസ്റ്റ്  മഹായജ്ഞം സംഘടിപ്പിക്കും.  രണ്ടു ദിവസവും 20000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ്  കലക്ടര്‍ സാംബശിവറാവു ഇക്കാര്യം അറിയിച്ചത്. രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്ത് രോഗം പടരുന്നത് തടയുകയാണ് ലക്ഷ്യം. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇതിനായുളള ക്യാമ്പുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുക.  കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടിച്ചേര്‍ന്നതും നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതുമാണ് രോഗവ്യാപനം കൂടാനിടയായതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ദ്ധനവുണ്ടായി.  രോഗവ്യാപനം രൂക്ഷമാകുന്നത് രോഗികളുടെ മരണ നിരക്ക് ഉയരാന്‍ ഇടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്  ടെസ്റ്റ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ പ്രതിദിനം 10000 പേരെ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കി എന്ന് ഉറപ്പുവരുത്തും. വയോജനങ്ങള്‍, മറ്റ് രോഗമുളളവര്‍, ലക്ഷണങ്ങള്‍ ഉളളവര്‍ എന്നിവരേയും കുടുംബശ്രീ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ടെസ്റ്റ് ചെയ്യും. ഷോപ്പുകള്‍, ഹോട്ടലുകള്‍, തിരക്കേറിയ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്സി ജീവനക്കാരെയും നിശ്ചിത ഇടവേളകളില്‍ ടെസ്റ്റിന് വിധേയമാക്കാന്‍  ഉടമകള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കും.

കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന്  കലക്ടര്‍ പറഞ്ഞു. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സജീവമായിരുന്ന വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ വീണ്ടും ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പുതുതായി നിശ്ചയിക്കപ്പെട്ട കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരോധനാലയങ്ങളില്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *