തിരുത്തി മുന്നേറാം, ഇടംവലം നോക്കേണ്ട… കൈപിടിച്ച് കൂടെയുണ്ട് ഇടതുപക്ഷം : ഡോ. സിന്ധുമോള്‍ ജേക്കബ്

തിരുത്തി മുന്നേറാം, ഇടംവലം നോക്കേണ്ട… കൈപിടിച്ച് കൂടെയുണ്ട് ഇടതുപക്ഷം
 -ഡോ. സിന്ധുമോള്‍ ജേക്കബ് (വൈസ് പ്രസിഡന്റ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്)‘സ്ത്രീകള്‍ നയിക്കുന്ന മുന്നേറ്റങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരെ വിശ്വാസത്തിലെടുത്താല്‍ ദുരിതത്തിലാണ്ട ഈ സമൂഹത്തിന്റെ ഇന്നത്തെ ചരിത്രം തന്നെ മാറ്റുന്ന തരത്തില്‍ അവരതിനെ മാറ്റും. കഴിഞ്ഞ കാലങ്ങളില്‍ സമൂഹത്തിലെ ദുര്‍ബല സാഹചര്യത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അവര്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.’
– ഡോ. ബി. ആര്‍. അംബേദ്കര്‍സ്ത്രീകള്‍ നിഷ്‌ക്രിയരായി തുടരുന്ന ഒരു സമൂഹവും പുരോഗതി കൈവരിച്ചിട്ടില്ല. സ്ത്രീശാക്തീകരണം എന്ന വാക്ക് പോലും പുരോഗമനം കൈവരിച്ച സമൂഹത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം നേടി, കുടുംബത്തിനകത്തും പുറത്തും സ്വയം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാന്‍ പ്രാപ്തിയുള്ള എത്ര സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്? ചൂഷണം ചെയ്യപ്പെടുകയാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് പോലും പലര്‍ക്കും ഇല്ല എന്നതാണ് സത്യാവസ്ഥ.
അമ്മയെ സഹനത്തിന്റെ പ്രതീകമായും ഭാര്യയെ ഭൂമിയോളം ക്ഷമയുള്ളവളായും സഹോദരിയെയും പെണ്‍മക്കളെയും അടക്കവും ഒതുക്കവുമുള്ളവളായും ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ‘പൂമുഖ വാതില്‍ക്കല്‍ സ്നേഹം തുളുമ്പുന്ന’ ഭാര്യയും, കുടുംബവിളക്കായി ജീവിക്കേണ്ട പെണ്ണുങ്ങളും ഈ പാര്‍ട്രിയാര്‍ക്ക്യല്‍ സമൂഹത്തിന്റെ മുള്‍ക്കെണികളാണ്.ഇടതിന്റെ പെണ്‍മക്കള്‍
അഭിപ്രായമുള്ള പെണ്ണുങ്ങള്‍ അഹങ്കാരികളാണെന്നും വരുമാനമുള്ള പെണ്ണുങ്ങള്‍ വരുതിക്ക് നില്‍ക്കില്ലെന്നും അവര്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ക്കെതിരെ ഏറ്റവും ഉറക്കെ ശബ്ദമുയര്‍ത്തിയിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ആലപ്പുഴയിലെ അസംഘടിതരായ കയര്‍ – കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ക്കെതിരെ പൊരുതാന്‍ പഠിപ്പിച്ച കാളിക്കുട്ടി ആശാട്ടി മുതല്‍ നിപ്പ, കോവിഡ് തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ കേരളത്തെയാകെ തന്റെ ചിറകിനുള്ളില്‍ സുരക്ഷിതയാക്കി നിര്‍ത്തിയ കെ. കെ. ശൈലജ ടീച്ചര്‍ വരെ ഇടതിന്റെ പെണ്‍മക്കളാണ്.
സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍ എന്നുള്ളതും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ പ്രത്യേകതയാണ്. സി.പി.ഐയ്ക്കാകട്ടെ 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ വനിതാ മന്ത്രി വരുന്നത്. തൃശ്ശൂരിലെ ആദ്യ വനിതാ മേയറായിരുന്ന ആര്‍.ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തേക്ക് എത്തുന്നതും ചരിത്രം കുറിച്ചുകൊണ്ടാണ്.
ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഭരണ മേഖലകളില്‍ കരുത്തു തെളിയിച്ചാണ് ജെ. ചിഞ്ചുറാണിയെത്തുന്നത്. ഏറ്റെടുത്തത് ക്ഷീര വികസനവും മൃഗസംരക്ഷണവും. മൂന്ന് പേരും രാഷ്ട്രീയ രംഗത്തും സ്ത്രീശാക്തീകരണ മേഖലകളിലും കഴിവു തെളിയിച്ചവര്‍. ഏറ്റവും വലിയ വെല്ലുവിളി വീണാ ജോര്‍ജിന് മുന്നിലാണ് എന്നതില്‍ സംശയമില്ല. കൈവെച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ട്രാക്ക് റെക്കോര്‍ഡാണ് വീണാ ജോര്‍ജിന്റെ കരുത്ത്. ഒരേ മുന്നണിയില്‍ നിന്ന് ആരോഗ്യമന്ത്രിസ്ഥാനത്ത് വനിതാമന്ത്രിയുടെ തുടര്‍ച്ചയെന്ന അപൂര്‍വതയും ഒപ്പം. കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് അവര്‍ക്കാവശ്യമായ തൊഴില്‍ കണ്ടെത്താന്‍ സഹകരണ പ്രസ്ഥാനം പോലെ മറ്റൊന്നും നിലവില്‍ ഇല്ലെന്നതാണ് ഒരു വസ്തുത. പുതിയ സര്‍ക്കാരിന്റ കാലത്ത് കലാ, കായിക, വ്യവസായ, സാമ്പത്തിക മേഖലകളില്‍ കൂടി നല്ല മാറ്റങ്ങള്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സ്ത്രീകള്‍ വളരുന്നു, ഇടതിനൊപ്പം

2006-11 ലെ ഇടതുസര്‍ക്കാര്‍ കാലത്ത് മുന്‍ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണ് സ്ത്രീപക്ഷ ബജറ്റ് എന്ന ആശയം തുടങ്ങിവെച്ചത്. സ്ത്രീകളുടെ ഏറെ നാളത്തെ ആവശ്യമായ പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തിയത് സ്ത്രീപക്ഷ വികസനത്തിലേക്കുള്ള ആദ്യപടിയായി കാണാം. ബാലവികസന സ്ത്രീ ശാക്തീകരണ വകുപ്പ് എന്നത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണമേഖലയില്‍ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആശ്വാസമായി കഴിഞ്ഞിട്ടുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങിയപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ അത് അതു വിപുലപ്പെടുത്തുകയാണ് ചെയ്തത്. ജലാശയങ്ങളുടെ നവീകരണവും മരം നട്ടുപിടിപ്പിക്കലും തൊഴിലുറപ്പില്‍ ഉള്‍ച്ചേര്‍ത്തു. എല്ലാ ക്ഷേമപെന്‍ഷനും വര്‍ധിപ്പിച്ചതും എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുന്നതും കക്കൂസില്ലാത്ത വീടുകള്‍ ഉണ്ടാകില്ലെന്ന് പറയുമ്പോഴും ഗുണഫലം ലഭിക്കുന്നത് സ്ത്രീകള്‍ക്കായിരിക്കും.
5 വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്ക് പെന്‍ഷന്‍ എന്നതും ഗാര്‍ഹിക പീഡനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഏറ്റവും പ്രസക്തമാണ്. ആശാവര്‍ക്കര്‍മാര്‍ , അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ തൊഴിലാളികള്‍ ആയി പോലും കേന്ദ്ര സര്‍ക്കാരോ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരോ പരിഗണിച്ചിരുന്നില്ല. ഇത് അവര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണ നയത്തിന്റെ ഫലമാണ്. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഇവരെയെല്ലാം ചേര്‍ത്ത് പിടിച്ചു.
കേരളത്തിലെ പൊതു ഇടങ്ങള്‍ സ്ത്രീ വിരുദ്ധതക്ക് കുപ്രസിദ്ധമാണ്. സ്ത്രീസൗഹൃദപരമായ പൊതു ഇടങ്ങള്‍ സൃഷ്ടിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അരക്ഷിതമാണ് എന്നു കുടുംബശ്രീയും ‘സഖി’യും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ശുചി മുറി, മുലയൂട്ടല്‍ മുറി, സ്‌നാക് ബാര്‍ , സാനിറ്ററി നാപ്കിന്‍ വെന്‍ഡിംങ് മെഷീന്‍ , വിശ്രമകേന്ദ്രം, തുടങ്ങിയ സൗകര്യങ്ങള്‍ ചേര്‍ന്ന വൃത്തിയും വെടിപ്പും സുരക്ഷിതത്വവും ഉള്ള ഫ്രഷ് അപ് സെന്ററുകള്‍ നമ്മുടെ നാട്ടില്‍ അവതരിപ്പിച്ചത് ഇടത് സര്‍ക്കാരാണ്.
സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റങ്ങള്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് കേരളം കണ്ടത് അതിന്റെ തുടര്‍ച്ച ഇത്തവണയും ഉണ്ടാകുമെന്നുറപ്പാണ്.

തിരുത്തി മുന്നേറുന്ന സ്ത്രീകള്‍

സ്ത്രീകളെയും കുട്ടികളെയും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളെയും കുറിച്ചുള്ള പൊതുബോധത്തില്‍ ആശാവഹമായ- അനുകരണീയമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സാമൂഹ്യനീതി വകുപ്പാണ്. അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലെ പോസ്റ്റുകള്‍ പോലും യുവത ആഘോഷമാക്കുന്നുണ്ട്.
മാതൃദിനങ്ങളില്‍ അമ്മയുടെ സഹനത്തെ ന്യൂജെന്‍ കുട്ടികള്‍ പോലും വാഴ്ത്തിപ്പാടുന്നത് കാണുമ്പോള്‍ മരവിപ്പാണ് തോന്നുന്നത്. ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുന്‍വിധികളും പുതിയ തലമുറയില്‍പ്പോലും അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത്. പാചകം ചെയ്ത് വീടിന്റെ നാല് ചുവരില്‍ ഒതുങ്ങുന്ന അമ്മയും പാചകം അറിയാത്ത, ജോലിക്ക് പോകുന്ന അമ്മയും ഒരേ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല വീടും കുഞ്ഞുങ്ങളും, കൂട്ടുത്തരവാദിത്വമാണ് കുടുംബത്തിന് ആവശ്യം. താരാട്ട് പാടുന്ന, കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അച്ഛന്മാരെയും നമ്മുക്ക് ധാരാളമായി കാണണം വരും കാലങ്ങളില്‍.
ഇനി വിട്ടുവീഴ്ച വേണ്ടെന്നും വ്യക്തി സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്നും ചൂഷണങ്ങളോട് ധൈര്യമായി നോ പറയാനും അവര്‍ ഓരോ തവണയും ഓര്‍മ്മിപ്പിക്കുന്നു. ഒരു വീട്ടില്‍ കയറിച്ചെന്നാല്‍ അറിയാം അവിടുത്തെ പെണ്ണിന്റെ സ്വഭാവം എന്ന പറച്ചില്‍ സ്ത്രീകളെ ആദരിക്കാനല്ല, മറിച്ച് വീട്ട് ജോലികള്‍ വരുടെ മാത്രം ഉത്തരവാദിത്വമാണെന്ന ചിന്ത വളര്‍ത്താന്‍ മാത്രമാണ് ഉപകരിക്കുന്നത്. സ്ത്രീധനം ചോദിച്ച് വരുന്നവനോട് വണ്ടി വിട്ടോളാന്‍ പറയാനും കരണത്തടിക്കുന്നവനെ കാക്കിയുടെ മുന്നില്‍ കൊണ്ടുവരാനും നിങ്ങള്‍ പേടിക്കണ്ട പെണ്ണുങ്ങളേ.. ഞങ്ങള്‍ ഒപ്പമുണ്ടെന്ന് ഒരു സര്‍ക്കാരും ഇതിന് മുന്‍പ് ഇന്നാട്ടിലെ സ്ത്രീകള്‍ക്ക് പറഞ്ഞ് തന്നിട്ടില്ല. ഇടത്പക്ഷം ഹൃദയപക്ഷമായത് ഇത്തരം ചങ്കൂറ്റമുള്ള തീരുമാനങ്ങളില്‍ക്കൂടിയാണ്.
സൈബര്‍ ഇടങ്ങള്‍ സ്ത്രീകളോട് എന്തും പറയാനുള്ള സ്ഥലമായി ആരും കാണണ്ട എന്നും ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും സ്ത്രീകളോട് മാന്യമായി പെരുമാറാത്തവരോട് വിട്ടുവീഴ്ച വേണ്ടെന്നും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്ത് ചൂഷണവും നിശബ്ദമായി സഹിച്ചുകൊള്ളണം, ചീത്തപ്പേര് നിനക്കേ ഉണ്ടാവൂ എന്ന് പറഞ്ഞ് പഠിപ്പിക്കുന്നവരുടെ നാട്ടില്‍, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് അനിവാര്യതയാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു.
എന്ത് കഴിക്കണം, എന്ത് ധരിക്കണം എങ്ങനെ ജീവിക്കണം, കുട്ടികള്‍ വേണോ വേണ്ടയോ തുടങ്ങിയവയെല്ലാം മറ്റുള്ളവര്‍ തീരുമാനിക്കുന്ന കാലം കഴിഞ്ഞു. വീട് വൃത്തിയാക്കുന്നത് മുതല്‍ പാചകം ചെയ്യുന്നത് വരെ, ഒരു വീട്ടിലെ എല്ലാ ജോലികളും അവിടെയുള്ളവര്‍ സ്ത്രീ-പുരുഷ ഭേദമന്യേ തുല്യമായ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടതാണെന്ന് സാമൂഹ്യനീതി വകുപ്പിന്റെ  സോഷ്യല്‍ മീഡിയ പേജ് സധൈര്യം പറയുന്നു. ഇതൊക്കെ നടപ്പിലാക്കാന്‍ നട്ടെല്ലുള്ള ഒരു ഭരണകൂടം ഈ നാട്ടിലുണ്ട്, ഇടതുപക്ഷം..!

Arunkumar V.R
Leave Comment