ന്യുയോര്‍ക്ക് എന്‍.യു.എം.സി ഡയറക്ടര്‍ ബോര്‍ഡിലെ ആദ്യ മലയാളി അംഗമായി അജിത് എബ്രഹാം – ജോസഫ് ഇടിക്കുള

Spread the love

Picture

ന്യുയോര്‍ക്ക്:: ഇക്കഴിഞ്ഞ ജൂണ്‍ 9 ബുധനാഴ്ച നാസാ ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്റെ (എന്‍.എച്ച്. സി. സി) ഭാഗമായി പ്രവര്‍ത്തിക്കുന്ന നാസാ കൗണ്ടിയിലെ പ്രധാന മെഡിക്കല്‍ സിസ്റ്റം ആയ നാസാ കൗണ്ടി യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിന്റെ (എന്‍.യു.എം.സി) ഡയറക്ടര്‍ ബോര്‍ഡിലേക്ക് പ്രമുഖ സാമൂഹികസാംസ്കാരികരാഷ്ട്രീയ പ്രവര്‍ത്തകന്‍ അജിത് കൊച്ചുകുടിയില്‍ ഏബ്രാഹം സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് അജിത് കൊച്ചൂസ് എന്ന അജിത് കൊച്ചുകുടിയില്‍ എബ്രഹാം, എന്‍.യു.എം.സി യുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജനറല്‍ കൗണ്‍സെലുമായ മേഗന്‍ സി. റയാന്‍ ആണ് അജിത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അജിത് മേഗനോടും അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫിനോടുമൊപ്പം കുടുംബസമേതം ഹോസ്പിറ്റല്‍ സമുച്ചയം സന്ദര്‍ശിച്ചു.

ജൂണ്‍ 3 നാണു കൗണ്ടി എക്‌സിക്യൂട്ടീവ് ലോറ കറന്‍ അജിത് കൊച്ചൂസിനെ ബോര്‍ഡ് ഡയറക്ടര്‍ ആയി നിയമനോത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍ 10 വ്യാഴാഴ്ച പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അജിത് പങ്കെടുത്തു. 15 പേരടങ്ങുന്ന ബോര്‍ഡില്‍ ആദ്യത്തെ മലയാളി അംഗമായ അജിത്തിന്റെ നിയമനം അടുത്ത അഞ്ച് വര്‍ഷത്തെ കാലയളവിലേക്കാണ്. ആശുപത്രികളുടെ ഭരണ കാര്യങ്ങളിലും നിയമസംബന്ധമായ പ്രശ്‌നങ്ങളിലും സാമ്പത്തിക വകയിരുത്തലുകളിലുമെല്ലാം നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് ആണ്. ഇപ്പോള്‍ സിസ്റ്റം കമ്മിയിലാണ് പോകുന്നത്.

കമ്മി നികത്തുന്നതിനും മറ്റും ബോര്‍ഡ് സുപ്രധാന ശുപാര്‍ശകള്‍ നല്‍കുന്നു. ന്യൂമെക് എന്നും ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എന്‍.യു.എം.സി ക്ക് ഈസ്റ്റ് മെഡോയില്‍ സ്ഥിതി ചെയ്യുന്ന ലോങ്ങ് ഐലന്‍ഡിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിസസമുച്ചയം കൂടാതെ യൂണിയന്‍ഡേലിലും ശൃംഘലകളുണ്ട്.

നാസാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ ജെയ് ജേക്കബ്‌സ്, സെനറ്റര്‍ കെവിന്‍ തോമസ് എന്നിവര്‍ അജിത്തിനെ അനുമോദിച്ചു. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ ഇന്ത്യന്‍ മലയാളി സെനറ്റര്‍ ആയ കെവിന്‍ തോമസ് ഈ നിയമനം മലയാളികള്‍ക്ക് എല്ലാം വളരെയധികം അഭിമാനിക്കാവുന്ന ഒരു വന്‍നേട്ടം തന്നെയെന്നും അഭിപ്രായപ്പെട്ടു. എന്‍.യു.എം.സി നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും വിശദമായി പഠിച്ചു പോരായ്മകള്‍ കണ്ടെത്തിയാല്‍ അതെല്ലാം ജാഗ്രതാപൂര്‍വ്വം നികത്തി കോര്‍പറേഷന്‍ ലാഭത്തില്‍ നയിക്കുവാന്‍ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിനുള്ള അധികാരപരിധിയില്‍ നിന്നുകൊണ്ടുതന്നെ പരമാവധി പരിശ്രമിക്കുമെന്നു അജിത് കൊച്ചൂസ് പറഞ്ഞു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വുമണ്‍ എന്റര്‍പ്രെന്യൂറിയല്‍ഷിപ്പില്‍ വളരെ വിജയകരമായ രീതിയില്‍ തന്റെ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ജയാ വര്‍ഗീസ് ആണ് അജിത്തിന്റെ ഭാര്യ. മക്കളായ അലന്‍, ഇസബെല്‍ അന്ന, റയാന്‍ എല്ലാവരും വിദ്യാര്‍ത്ഥികളാണ്. മുവാറ്റുപുഴ കടാതി കൊച്ചുകുടിയില്‍ ഏബ്രാഹംഅന്നകുഞ്ഞു ദമ്പതികളുടെ മൂത്ത പുത്രനാണ് അജിത്. സഹോദരിമാരായ അഞ്ചു, മഞ്ജു എന്നിവര്‍ ഫിസിയോ തെറാപ്പിസ്റ്റുമാര്‍ ആണ്. അവര്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയവരാണ്.

കേരളത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിടെക് കോഴ്‌സും പൂര്‍ത്തിയാക്കിയത്തിനു ശേഷം സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഡെവലൊപ്‌മെന്‍റ് കമ്പനി നടത്തി വന്ന അജിത് കേരളത്തിനെകുറിച്ചു സമ്പൂര്‍ണ്ണമായ ഒരു ഇലക്ട്രോണിക് വിജ്ഞാനകോശവും ട്രാവലോഗും നിര്‍മിച്ചു അക്കാലത്തു മാധ്യമ ശ്രദ്ധയും ജനസമ്മതിയും ആര്‍ജ്ജിച്ചിരുന്നു. വെബ് & കമ്പ്യൂട്ടര്‍ ബേസ്ഡ് ട്യൂട്ടോറിയല്‍ എല്ലാം അജിത്തിന്റെ മറ്റു വിജയകരമായ പ്രൊജെക്ടുകള്‍ ആയിരുന്നു.

ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഗഇഅചഅ) യുടെ പ്രസിഡന്റ് ആയിരുന്നു അജിത്. തന്റെ പ്രവര്‍ത്തന നൈപുണ്യം കൊണ്ടു സംഘടനയെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാന്‍ അജിത്തിനായി. മാസ്സപെക്വാ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും സെനറ്റര്‍ കെവിന്‍ തോമസിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലെയ്‌സനുമാണ് , ന്യു യോര്‍ക്ക് സിറ്റിയില്‍ ഐ. ടി. മേഖലയില്‍ ഡയറക്ടറായി ജോലി ചെയ്യുന്ന അജിത് കൊച്ചൂസ്.

ജോയിച്ചൻപുതുക്കുളം.

Author

Leave a Reply

Your email address will not be published. Required fields are marked *