കോവിഡ് പ്രതിരോധം: പൊതുജനബോധവത്ക്കരണവുമായി ആരോഗ്യ വകുപ്പ്

Spread the love

മലപ്പുറം: രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ പൊതുജനങ്ങളില്‍ പ്രതിരോധ അവബോധം ഉണ്ടാക്കുന്നതിന്നും സ്വയം ഉത്തരവാദിത്തമുള്ളവരായി  ജനങ്ങളെ മാറ്റുന്നതിനും ‘സ്റ്റോപ്പ് ദി സ്‌പ്രെഡ്’ (STEP- Stop ThE sPread) എന്ന പേരില്‍ ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലാ ഭരണ കൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍.

ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ ശക്തിപ്പെടുത്തുകയും പരിശോധനയും ഐസൊലേഷനും വര്‍ധിപ്പിക്കുകയും  വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുകയുമാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സാഹചര്യങ്ങള്‍ മൂലം രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ തുടങ്ങിയവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നു എന്ന് ക്യാമ്പയിന്‍ ഉറപ്പ് വരുത്തും. രോഗം വന്നാല്‍ കൂടുതല്‍ ഗുരുതര അവസ്ഥയില്‍ ആകാന്‍ സാധ്യതയുള്ളവര്‍, പ്രായം കൂടിയവര്‍, കുട്ടികള്‍, ഇതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ രോഗപകര്‍ച്ച സാധ്യതകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായുള്ള റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തും.

രോഗപകര്‍ച്ച കുറക്കുന്നതിനായി രോഗം ആദ്യം തന്നെ കണ്ടു പിടിക്കുകയും പോസിറ്റീവ് ആകുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാത്ത വിധം പാര്‍പ്പിച്ച് ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. രോഗ സാധ്യതയുള്ളവരെ കണ്ടെത്തി പരിശോധന നടത്തും.  പോസിറ്റീവായി വീടുകളില്‍ ഇരിക്കുന്നവര്‍ക്ക് കൃത്യമായ ഫോളോ അപ്പ് ഉറപ്പ് വരുത്തുകയും ചെയ്യും. കോവിഡ് രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ മാര്‍ഗം എന്ന നിലയില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികളും ഈ ക്യാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കും. സര്‍ക്കാറിന്റെയും ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് തുടര്‍ന്നും കോവിഡ് മാനദണ്ഡങ്ങള്‍ ഉള്‍ക്കൊണ്ട് സാധാരണ ജീവിതം നയിക്കാന്‍ പൊതു ജനങ്ങളെ സ്വയം ഉത്തരവാദിത്തമുള്ളവരാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

അടച്ച് പൂട്ടലുകള്‍ എല്ലാം തുറന്ന് സമൂഹം സാധാരണ നിലയിലേക്ക് നീങ്ങുമ്പോള്‍ കോവിഡിനെതിരെ പൊരുതാന്‍ പഠിച്ച പ്രാഥമിക പാഠങ്ങള്‍ എല്ലാം തന്നെ പൊതുജനങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കൈകഴുകല്‍, മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങി എല്ലാ ശീലങ്ങളും പാലിക്കണം. ഈ ശീലങ്ങള്‍ തുടര്‍ന്നും ജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും കോവിഡ് വ്യാപനത്തിലേക്കും അത് ഒരു മൂന്നാം തരംഗത്തിലേക്കും വഴിവെക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. ജില്ലയില്‍ ക്യാമ്പയിന്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്നും ഒരു മൂന്നാം തരംഗം ഉണ്ടാകുന്നത് തടയുന്നതിനും എല്ലാ പിന്തുണയും എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *