കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം

Spread the love

 

തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ എസ്.വി. വിസ്മയയുടെ ഭര്‍ത്താവും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ എസ്. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Kollam Vismaya Death: Husband Kiran Kumar fired from motor vehicle department, First in Kerala | ഒടുവില്‍ കിരണ്‍ കുമാറിന്റെ തൊപ്പി തെറിച്ചു; സര്‍വീസില്‍ നിന്ന് പുറത്താക്കി ...

സ്ത്രീ വിരുദ്ധ പ്രവൃത്തിയും സാമൂഹ്യ വിരുദ്ധവും ലിംഗനീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയതിനാല്‍ 1960 ലെ കേരളാ സിവില്‍ സര്‍വീസ് ചട്ടം പ്രകാരമാണ് നടപടി.

 

കൊല്ലം ശൂരനാട് പോലീസ് ജൂണ്‍ 21 ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മരണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്ന 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C) യുടെ ലംഘനമാണിത്. കിരണ്‍ കുമാറിനെ ജൂണ്‍ 22 ന് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

1960 ലെ കേരളാ സിവില്‍ സര്‍വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല  അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃത അന്വേഷണത്തിന്റെയും കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ 1960 ലെ കേരള സിവില്‍ സര്‍വീസ് ചട്ടം  11(1)(viii) പ്രകാരമാണ് സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേരളചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണമടഞ്ഞ കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ച് വിടുന്നത്.

സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗനീതിയും ഉയര്‍ത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 7 രാവിലെ 11 ന് ഗതാഗത മന്ത്രി കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *