മിലന് (ഇറ്റലി): ഫ്രാന്‍സില്‍ നിന്ന് മാര്‍പാപ്പയുടെ പേരില്‍ തപാലില്‍ 3 വെടിയുണ്ടകള്‍ അയച്ചതു തപാല്‍ ജീവനക്കാര്‍ കണ്ടെത്തി.
ഉത്തര ഇറ്റലിയിലുള്ള മിലനിലെ തപാല്‍ ജീവനക്കാരാണ് ഇതു കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനു കൈമാറി. പിസ്റ്റലില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവയെന്നു കരുതുന്നു.
വത്തിക്കാനിലെ സാമ്പത്തിക ഇടപാടുകള്‍ പരാമര്‍ശിക്കുന്ന സന്ദേശവും ഇതോടൊപ്പമുണ്ട്. പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍, റോം എന്ന വിലാസം കൈകൊണ്ട് വെടിപ്പില്ലാത്ത അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്.
മാനസിക പ്രശ്നങ്ങളുള്ള ആരെങ്കിലുമാകാം അയച്ചതെന്നു സംശയിക്കുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.