തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, യുകെ ആസ്ഥാനമായ ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ് 12,000 ചതുരശ്ര അടി ഓഫീസ് ഇടം കൂടി സ്വന്തമാക്കി. ഇതോടെ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ഒന്നില്‍ കമ്പനിയുടെ ഓഫീസ് ഇടം 24,000 ചതുരശ്ര അടിയായി വര്‍ധിച്ചു. പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാവിയില്‍ പുതുതായി 500 പേര്‍ക്കു കൂടി ഇവിടെ ജോലി ലഭിക്കും. വളരെവേഗം വളരുന്ന കമ്പനി ഈ വര്‍ഷം ആഗോള തലത്തില്‍ ഏറ്റവും കുടുതല്‍ ജീവനക്കാരെ നിയമിച്ചത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ ടെക്‌നോപാര്‍ക്കിലാണ് ആസ്ഥാനം. ബെംഗളുരുവിലും ഗ്ലോബല്‍ ഡെലിവറി സെന്റര്‍ ഉണ്ട്. മികച്ച സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് രംഗത്തെ മൂന്ന് രാജ്യാന്തര പുരസ്‌കാരങ്ങളും കമ്പനി ഈയിടെ സ്വന്തമാക്കിയിരുന്നു.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയുടെ പാതയിലാണ് ടെസ്റ്റ്ഹൗസ്. ഈ വളര്‍ച്ചയ്ക്ക് ലോക്ഡൗണ്‍ പോലും ഭീഷണിയായിട്ടില്ല. പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഫീസ് ഇടം ഇരട്ടിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാനും സാങ്കേതിക വിഭവങ്ങളൊരുക്കാനുമാണ് പദ്ധതി. മഹാമാരി കാരണം നിലവില്‍ കൂടുതല്‍ ജീവനക്കാരും ജോലി ചെയ്യുന്നത് വീട്ടിലിരുന്നാണെങ്കിലും സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുന്നതോടെ എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള വികസനമാണ് നടത്തിയിട്ടുള്ളത്,’ ടെസ്റ്റ്ഹൗസ് ഏഷ്യാപസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക സിഇഒ രാജേഷ് നാരായണ്‍ പറഞ്ഞു.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആഗോള തലത്തില്‍ റിക്രൂട്ട്‌മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും കമ്പനി മുന്‍നിര എച് ആര്‍ വിദഗ്ധനായ അജിത് കുമാറിനെ കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസറായി നിയമിച്ചു. ആഗോള തലത്തിലും കമ്പനിക്ക് പുതിയ വികസന പദ്ധതികളുണ്ട്. ന്യൂയോര്‍ക്കില്‍ ഈയിടെ കമ്പനി പുതിയ ഓഫീസ് തുറന്നിരുന്നു. ഇനി ഒസ്‌ട്രേലിയയിലും പ്രവര്‍ത്തനം വിപുലപ്പെടുത്താനാണു പദ്ധതി. 20ലേറെ രാജ്യങ്ങളിലായി ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ ഉള്‍പ്പെടെ 275 കമ്പനികള്‍ക്ക് ടെസ്റ്റ്ഹൗസ് സേവനം നല്‍കുന്നുണ്ട്. യുകെ, യുഎസ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ ടെസ്റ്റ്ഹൗസിന് ശക്തമായ സാന്നിധ്യമുണ്ട്. നെക്സ്റ്റ് ജെനറേഷന്‍ ടെസ്റ്റിങ്, എഐ ടെസ്റ്റിങ്, ഐഒടി, യുഐ/യുഎക്സ് ടെസ്റ്റിങ് എന്നീ മേഖലകളിലാണ് ടെസ്റ്റ്ഹൗസ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.