ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം 17 മുതല്‍

Spread the love

post

തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലെ സിഡിറ്റിന്റെ സ്റ്റുഡിയോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലൈബ്രറികളില്‍ പൊതുശൗചാലയം പണിയും : മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ - Navayugam News

വൈകുന്നേരം 4.15ന് ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടത്തില്‍ ജനതയെ ബോധവല്‍ക്കരിക്കാനായി സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ അധികാരം ജനതയ്ക്ക് എന്ന സംഗീത ശില്‍പം പുനരാവിഷ്‌കരിക്കും. 1996 ല്‍ രംഗാവതരണം നടത്തിയ അതേകലാകാരന്‍മാരാണ് 25 വര്‍ഷത്തിന്ശേഷം കലാജാഥാവതരണം നടത്തുന്നത്. ചടങ്ങില്‍ വച്ച് ജനകീയാസൂത്രണത്തെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യപുസ്തകം പ്രകാശനം ചെയ്യുമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 25 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കും. അക്കാദമിക് സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇവയില്‍ ഉണ്ടാവും. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാര്‍ ബന്ധങ്ങളെ സംബന്ധിച്ച ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സംബന്ധിച്ച അന്തര്‍ദേശീയ കോണ്‍ഗ്രസിന് കേരളം ആതിഥ്യമരുളും.

അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനും പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഉയര്‍ത്തുവാനും ജനകീയാസൂത്രണം മുഖ്യ പങ്കുവഹിച്ചുവെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതോടൊപ്പം, തദ്ദേശസ്വയംഭരണ സംവിധാനത്തിന്റെ കുടക്കീഴില്‍ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും വഴി തെളിച്ചു. ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് മന്ത്രി പറഞ്ഞു. കാലത്തിനനുസൃതമായ രീതിയില്‍ പുതിയ കേരളം സൃഷ്ടിക്കുന്നതിനായി ‘നവകേരള കര്‍മ്മപദ്ധതിക്കായി ജനകീയാസൂത്രണം’ എന്ന രണ്ടാംഘട്ടം ആരംഭിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് സംഘടിപ്പിക്കും. 1996 മുതലുള്ള എല്ലാ അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും ആദരിക്കും. കഴിഞ്ഞ 25 വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാവും. 4.15ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വേദികളില്‍ സജ്ജമാക്കിയ സ്‌ക്രീനുകളില്‍ സംസ്ഥാനതല ഉദ്ഘാടന പരിപാടികള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.

രജതജൂബിലി വേളയില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് ഉല്ലാസവും മാനസികാരോഗ്യവും ഉറപ്പുവരുത്താനായി വയോജന ക്ലബ്ബുകള്‍ രൂപീകരിക്കും. തദ്ദേശസ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കാന്‍ നിയമ സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ മുന്നേറ്റങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. രജതജൂബിലിയുടെ ഭാഗമായി ഗ്രാമ/വാര്‍ഡ് സഭകള്‍ നല്ല ജനപങ്ങാളിത്തത്തോടെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തൊഴില്‍ നല്‍കുന്ന കേന്ദ്രമായി മാറ്റുന്നതിനും ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം ആരംഭിക്കുന്നതിനുമുള്ള പദ്ധതിക്കും രൂപം നല്‍കി വരുന്നതായി മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *