കോവിഡിനെ നേരിടുന്നതില്‍ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം : ആഗോളതലത്തില്‍ കോവിഡ് മഹാമാരിയെ നേരിടാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രാദേശിക സര്‍ക്കാരുകളെ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകം ചര്‍ച്ച ചെയ്തു. പ്രാദേശിക സമ്പദ്ക്രമം ആഗോളതലത്തില്‍ ചര്‍ച്ചയായി മാറി. കോവിഡിന്റെ  ആഘാതത്തെ അതിജീവിക്കാനും ഉപജീവനമാര്‍ഗങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താനുമുള്ള ഇടപെടലുകള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള വലിയ ദൗത്യമാണ്. കോവിഡ് അതിജീവനത്തിന്റെ ഭാഗമായി ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയവും കോവിഡ് മഹാമാരിയുമൊക്കെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രമല്ല ബാധിച്ചത്. ദുരന്തങ്ങള്‍ വിതയ്ക്കുന്ന നാശനഷ്ടങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ പ്രാദേശികമായ ഇടപെടലുകളിലൂടെ സാധിക്കും.

post

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ആരംഭിച്ചപ്പോള്‍ മുന്നോട്ടുവെച്ച പ്രാദേശിക വികസനമെന്ന ലക്ഷ്യത്തില്‍ നിന്നും കൂടുതല്‍ വിപുലമായി ചിന്തിക്കാനും ആസൂത്രണം നടത്താനും സാധിക്കുന്ന വിധത്തില്‍ നമ്മുടെ പ്രാദേശിക സര്‍ക്കാരുകള്‍ വളര്‍ന്നിട്ടുണ്ട്. ആ ശാക്തീകരണത്തിന്റെ  ഭാഗമായാണ് മഹാപ്രളയത്തെയും പ്രകൃതിക്ഷോഭങ്ങളെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ  ഏകോപനത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിച്ചത്. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിലും പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായത്  ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വളര്‍ത്തിയെടുത്ത ജനകീയ പിന്‍ബലവും, അവരില്‍ ജനങ്ങള്‍ക്കുള്ള ഉയര്‍ന്ന വിശ്വാസവും മൂലമാണ്.

സംസ്ഥാനം സാമൂഹിക മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സുസ്ഥിരവികസനത്തിന്റെ  പാതയിലേക്ക് കുതിക്കേണ്ട പദ്ധതികള്‍ക്കാണ് പതിനാലാം പദ്ധതിയില്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശാലമായ കാഴ്ചപ്പാടോടുകൂടി നഗരാസൂത്രണം നടപ്പിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഇടപെടലാണ് നമുക്കാവശ്യം. സംയോജിത വികസന പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ സാധിക്കണം. പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതല്‍ ചെറുകിട സംരംഭങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനുതകുന്ന ഉത്പാദനമേഖലകള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.  ആധുനിക സാങ്കേതിക വിദ്യകള്‍ ബോധപൂര്‍വം  ഉപയോഗപ്പെടുത്തണം. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. പുതിയ അറിവുകളും സാങ്കേതിക വിദ്യാ പ്രയോഗങ്ങളും നാടിന്റെ  വികസന പ്രശ്നങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ മറ്റാരേക്കാളും അവര്‍ക്ക് കഴിയും. ഗ്രാമസഭകള്‍ മുതല്‍ക്കിങ്ങോട്ട് യുവജന പങ്കാളിത്തം ഉറപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണം. നവമാധ്യമങ്ങളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തണം. വീടുകളില്‍ ഇരുന്നുതന്നെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ് ഉണ്ടാക്കുകയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പലതും ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് നേടിയവയാണ്. എന്നാല്‍, അവിടങ്ങളിലെ സേവനങ്ങള്‍ മികച്ചതാണോ എന്നത് സംബന്ധിച്ചുള്ള സോഷ്യല്‍ ഓഡിറ്റിംഗ് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയില്‍ അര്‍ത്ഥവത്താണ്. ഓരോ മേഖലയ്ക്കും ഗുണമേന്‍മാ സൂചികകള്‍ നിജപ്പെടുത്തുകയും വേണം. ആ നിലയ്ക്ക് ഒരു ഗുണമേന്മാ പരിശോധന  ആലോചനയിലുണ്ട്.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നീര്‍ത്തട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കണം. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഏകോപിപ്പിക്കുകയും സംയോജിപ്പിക്കുകയും വേണം. ഹരിതകേരളത്തെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം എല്ലാ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ട്. ലൈഫ് ഭവനങ്ങള്‍ക്കായി കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് സമാഹരിക്കേണ്ടതുണ്ട്. കൂടുതല്‍ സംരംഭകര്‍ വരുമ്പോള്‍  ആകര്‍ഷകമായ  സൗകര്യങ്ങള്‍ ഒരുക്കണം. സാങ്കേതികത്തികവോടുകൂടിയ വിവര-വിതരണ ശൃംഖലകളും തീര്‍ക്കണം. നിയമങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിനൊപ്പം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നിയമസാക്ഷരത നല്‍കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകണം. ജനങ്ങള്‍ക്കുള്ള നിയമ ബോധവല്‍ക്കരണവും ഇതിന് സമാന്തരമായി സംഘടിപ്പിക്കണം. സ്ത്രീപക്ഷ വികസന പ്രക്രിയയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുവാനുള്ള ക്രിയാത്മകമായ നടപടികള്‍  ആവശ്യമാണ്. പട്ടികജാതി- പട്ടിവര്‍ഗ വിഭാഗങ്ങളടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് വികസനത്തെ അഭിമുഖീകരിക്കാന്‍ പതിനാലാം പദ്ധതികാലത്ത് സാധിക്കണം.

ധനകാര്യവര്‍ഷം തുടങ്ങാറാവുമ്പോള്‍ തിടുക്കപ്പെട്ട് നടത്തേണ്ട  പ്രക്രിയയായി ആസൂത്രണത്തെ കാണരുത്. ഓരോ തദ്ദേശഭരണ പ്രദേശത്തും നാടിന്റെ വികസനത്തേയും പൊതുനന്‍മയേയും കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മ ഉണ്ടാവണം.

നികുതി ഇളവിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് : മന്ത്രി എം വി ഗോവിന്ദന്‍ | Kerala | Deshabhimani | Thursday Jul 15, 2021

കേരളത്തിന്റെ തൊഴില്‍ശക്തിയുടെ ഒമ്പത് ശതമാനം പേര്‍ തൊഴില്‍രഹിതരാണ്. നമ്മുടെ ജനസംഖ്യയുടെ 52 ശതമാനം വനിതകള്‍ ആണ്. അവരുടെ തൊഴില്‍സേനാ പങ്കാളിത്ത നിരക്ക് 24.6 ശതമാനം മാത്രമാണ്. തൊഴില്‍രഹിതരായ യുവജനങ്ങളും സംസ്ഥാനത്ത് ഏറെയുണ്ട്. വര്‍ഷാവര്‍ഷം തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിച്ചിറങ്ങിയ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ എണ്ണം വേറെയും. ഈ തൊഴില്‍ശക്തിയെ പൂര്‍ണമായും ഫലപ്രദമായും വിനിയോഗിക്കുന്നതിനുള്ള പ്രാദേശിക സാധ്യതകള്‍  കണ്ടെത്തേണ്ടതുണ്ട്.  കാര്‍ഷികമേഖല അടക്കമുള്ള ഉല്‍പ്പാദന മേഖലകളിലും വ്യവസായ, സേവന മേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ മുഖേനയുമൊക്കെ തൊഴില്‍ സൃഷ്ടിക്കാനാവും. പുതിയ സാധ്യതകള്‍ സൃഷ്ടിക്കുവാനുള്ള ശ്രമം  ഉയര്‍ന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

തൃത്താല പിടിച്ചെടുത്ത പോരാട്ടവീര്യം; സ്‌പീക്കർ കസേരയിലെ ഇരുപത്തിമൂന്നാമനായി എം ബി രാജേഷ് - KERALA - POLITICS | Kerala Kaumudi Online

ജില്ലയ്ക്കോ, സംസ്ഥാനത്തിനാകെ തന്നെയോ ഗുണം ലഭിക്കുന്ന സംയോജന സാധ്യതയുള്ള പദ്ധതികള്‍ കണ്ടെത്താന്‍ പ്രാദേശിക സര്‍ക്കാരുകള്‍ ശ്രമിക്കണം. ദീര്‍ഘകാല ലക്ഷ്യപ്രാപ്തിക്ക് വേണ്ടി പദ്ധതികളും പരിപാടികളും  ആസൂത്രണം ചെയ്യുമ്പോള്‍ ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കും.  വ്യവസായം, കൃഷി, ഉല്‍പ്പാദനം, ടൂറിസം തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനസൗകര്യ മികവിനും സംയോജനത്തിനും സാധ്യതയുള്ള പദ്ധതികളുമായി പ്രാദേശിക സര്‍ക്കാരുകള്‍ മുന്നോട്ടുവരണം. ഇതിനാവശ്യമായ പിന്തുണ ജില്ലാ ആസൂത്രണ സമിതികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കാനായി ജില്ലാ റിസോഴ്സ് സെന്ററുകളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ എം.ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്‍, എം. എല്‍. എമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടും ഓണ്‍ലൈനിലുമായി പരിപാടിയില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *