റോബര്‍ട്ട് എഫ് കെന്നഡിയുടെ ഘാതകന് പരോള്‍ അനുവദിച്ചു

Spread the love
കാലിഫോര്‍ണിയ: പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന റോബര്‍ട്ട് എഫ് കെന്നഡിയെ വെടിവെച്ചു കൊന്ന കേസ്സില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന സിര്‍ഹാൻ സിർഹാന് (78) അമ്പതുവര്‍ഷത്തിനുശേഷം പരോള്‍ അനുവദിക്കുന്നതിന്   കാലിഫോര്‍ണിയ പരോള്‍ ബോര്‍ഡ് വോട്ടിനിട്ട് അംഗീകാരം നല്‍കി. സ്ഥിരമായി ജയില്‍ വിമോചനം ലഭിക്കുമോ എന്നത് ഗവര്‍ണ്ണറുടെ തീരുമാനത്തിനടിസ്ഥാനമായിട്ടായിരിക്കും.  ഇതിനു മുമ്പു 16 തവണ പരോള്‍ ബോര്‍ഡ് പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു. റോബര്‍ട്ട് എഫ് കെന്നഡിയുടെ രണ്ടു മക്കളും(ഡഗ്ലസ്‌  കെന്നഡിയും, റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും) സിര്‍ഹാനു  ജയില്‍ വിമോചനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബോര്‍ഡിന്റെ തീരുമാനം തൊണ്ണൂറു ദിവസത്തിനകം ബോര്‍ഡ് സ്റ്റാഫ് പരിശോധിച്ചു യുക്തമെങ്കില്‍ ഗവര്‍ണ്ണറുടെ തീരുമാനത്തിനായി വിട്ടുകൊടുക്കണം. ഗവര്‍ണ്ണര്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് നിയമപ്രകാരം 30 ദവിസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ലോസ് ആഞ്ചലസ് ഹോട്ടലില്‍ വെച്ചാണ് റോബര്‍ട്ട് എഫ് കെന്നഡി വെടിയേറ്റു കൊല്ലപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള യു.എസ്. സെനറ്ററായ റോബര്‍ട്ട് എഫ് കെന്നഡി തന്റെ സഹോദരനായ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 ല്‍ വെടിയേറ്റു മരിച്ചതിനുശേഷം ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിന് ഹോട്ടലില്‍ എത്തിയ കെന്നഡിക്കെതിരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.
തന്റെ ജീവിതം ഇനി അപകടത്തിലേയ്ക്ക് വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരക്ഷിതത്വത്തിലും സമാധാനത്തിലും സൗഹൃദത്തിലും കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സിര്‍ഹാന്‍ പരോള്‍ സമിതിക്ക് മുന്നില്‍ പറഞ്ഞു. സിര്‍ഹാന്റെ പശ്ചാത്താപത്തില്‍ സന്തോഷമുണ്ടെന്നും ഒരു നല്ല മനുഷ്യനായി അദ്ദേഹം ജീവിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും റോബര്‍ട്ട് കെന്നഡിയുടെ മകന്‍ ഡഗ്ലസ് കെന്നഡി പറഞ്ഞു.
1968 ല്‍ റോബര്‍ട്ട് എഫ്. കെന്നഡി കൊല്ലപ്പെടുമ്പോള്‍ തീരെ ചെറുപ്പമായിരുന്നു ഡഗ്ലസ് കെന്നഡി. തന്റെ പിതാവിൻറെ  ഘാതകനെക്കുറിച്ചുള്ള ഭയത്തിലാണ് താന്‍ ഏറെ നാള്‍ ജീവിച്ചതെന്ന് റോബര്‍ട്ട് എഫ്. കെന്നഡി ജൂണിയര്‍ പറഞ്ഞു. എന്നാല്‍  പരോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കെന്നഡി ജൂണിയര്‍ കൂട്ടിച്ചേര്‍ത്തു.
സിര്‍ഹാൻ   53 വര്‍ഷത്തോളം ജയില്‍വാസം  അനുഭവിച്ചു. ജോര്‍ദ്ദാനില്‍ നിന്നുള്ള പാലസ്തീനിയന്‍ വംശജനായ ക്രിസ്ത്യാനിയാണ് സിര്‍ഹാന്‍ . റോബര്‍ട്ട് എഫ്. കെന്നഡി ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിലെ ദേഷ്യമായിരുന്നു കൊലപാതകത്തിന് കാരണം. തന്റെ ദേഷ്യം നിയന്ത്രിക്കാന്‍ താന്‍ പഠിച്ചതായി സിര്‍ഹാന്‍ കാലിഫോര്‍ണിയയിലെ പരോള്‍ ബോര്‍ഡിന് മുന്നില്‍ പറഞ്ഞു.
ആളുകളുടെ ദുരിതമെന്തെന്ന് തനിക്കറിയാമെന്നും താന്‍ ഇനി ഒരു രാജ്യത്തും പ്രശ്‌നക്കാരനായിരിക്കില്ലെന്നും പ്രശ്‌നപരിഹാരങ്ങള്‍ക്കായിരിക്കും താന്‍ ശ്രമിക്കുകയെന്നും സിര്‍ഹാന്‍ പറഞ്ഞു. ജയില്‍ മോചിതനായാല്‍ സിര്‍ഹാനെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയക്കാനാണ് സാധ്യത. തന്റെ 24-ാംത്തെ വയസ്സിലായിരുന്നു സിര്‍ഹാന്‍ കെന്നഡിയെ വധിക്കുന്നത്.
പിതാവിനെ വധിച്ചായാളോട് ക്ഷമിക്കാനുള്ള കെന്നഡി കുടുംബത്തിന്റെ മനസ്സാണ് പരോളിന് വഴിതെളിച്ചത്. സിര്‍ഹാനോട് ക്ഷമിച്ചതായും നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നതായും മക്കള്‍ ഇരുവരും പറഞ്ഞു.
ജോബിന്‍സ്
em

Author

Leave a Reply

Your email address will not be published. Required fields are marked *