കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തമ്മിലും സഭാസംവിധാനങ്ങള്‍ക്കുള്ളിലും വിശ്വാസിസമൂഹത്തിനിടയിലും കൂടുതല്‍ ഒരുമയും സ്വരുമയും അച്ചടക്കവും അനുസരണവും ഊട്ടിയുറപ്പിക്കേണ്ടത് ഈ കാലഘട്ടത്തില്‍ അടിയന്തരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
ആഗോളതലത്തില്‍ ക്രൈസ്തവരെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ ആസൂത്രിത അജണ്ടകളും സഭാസംവിധാനങ്ങളെയും ക്രൈസ്തവ കുടുംബങ്ങളെയും ലക്ഷ്യംവെച്ചുള്ള നുഴഞ്ഞുകയറ്റ സാധ്യതകളും വിശ്വാസിസമൂഹം അതീവഗൗരവമായി കാണണം. സഭകള്‍ക്കുള്ളില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കാനും വിശ്വാസത്തെ വെല്ലുവിളിക്കാനും ഇക്കൂട്ടര്‍ നടത്തുന്ന ബോധപൂര്‍വ്വമായ കെണികളും ഗൂഢശ്രമങ്ങളും തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ ക്രൈസ്തവ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി ഉണരേണ്ടത് അടിയന്തരമാണ്.
ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടെ തീരുമാനങ്ങളും പ്രബോധനങ്ങളുമാണ് കത്തോലിക്കാസഭയുടെ അവസാനവാക്കും നിലപാടും. ആ തീരുമാനങ്ങളെ എതിര്‍ക്കുവാനും വെല്ലുവിളിക്കുവാനും അവഗണിക്കുവാനും ആരെയും അനുവദിക്കില്ല. സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സംരക്ഷണകവചമൊരുക്കേണ്ടതും ശക്തിപകരേണ്ടതും അല്മായരായ വിശ്വാസിസമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്.
സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അല്മായ വിശ്വാസികളുമുള്‍ക്കൊള്ളുന്ന സഭയുടെ കരുത്തുറ്റ സംവിധാനത്തിന് പോറലേല്‍പ്പിക്കുവാന്‍ ആരെയും അനുവദിക്കില്ല. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കി കരുണയും സ്‌നേഹവും പങ്കുവെച്ച് സംരക്ഷണമേകിയ യൂറോപ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികളും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അതിക്രൂരമായി ഉന്മൂലനം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് വിശ്വാസികളുടെ അനുഭവങ്ങളും ഭാരത ക്രൈസ്തവ സമൂഹം പാഠമാക്കണമെന്നും കൂടുതല്‍ ഐക്യത്തോടെയും ജാഗ്രതയോടെയും വിശ്വാസത്തിലടിയുറച്ച് പ്രവര്‍ത്തനനിരതരാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി