വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണം

Spread the love

വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു.

വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികള്‍ക്കായിരുന്നു ഉപകരണങ്ങള്‍ ആവശ്യമുണ്ടായിരുന്നത്. ആഗസ്റ്റ് നാലിന് പദ്ധതിയുടെ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം 1,02,029 കുട്ടികള്‍ക്ക് ഒന്നരമാസത്തിനകം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പോര്‍ട്ടല്‍ വഴിയുള്ള പര്‍ച്ചേസ് നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പുതന്നെ 21.5 ശതമാനം കുട്ടികള്‍ക്കും സാമൂഹപങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ലഭിച്ചത് പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിദ്യാകിരണം പോര്‍ട്ടല്‍ (vidyakiranam.kerala.gov.in) വഴി പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കും സ്‌കൂളുകള്‍ തിരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചും ആവശ്യമുള്ള കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനാകും. ഇഷ്ടമുള്ള തുകയും പോര്‍ട്ടല്‍ വഴി നല്‍കാം. പണം നല്‍കുന്നവര്‍ക്ക് ആദായനികുതി ഇളവുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും എത്രയും പെട്ടെന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *