ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുഖവുരയുമായി കെ.എന്‍. ആനന്ദ് കുമാര്‍ അമേരിക്കന്‍ മലയാളികളുമായി സംവദിക്കുന്നു – സുരേന്ദ്രന്‍ നായര്‍

Spread the love

Picture

മാനവസേവയുടെ മഹാഅത്ഭുതങ്ങളും കാരുണ്യ സ്പര്‍ശവും അവശേഷിപ്പിച്ചുകൊണ്ടു കാലയവനികക്കുള്ളില്‍ മറഞ്ഞ സത്യ സായിബാബയുടെ പ്രചോദനത്താല്‍ കേരളത്തില്‍ രൂപംകൊണ്ട ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡിറക്ടറുമായ കെ. എന്‍. ആനന്ദ്കുമര്‍ സെപ്റ്റംബര്‍ 19 ഞായറാഴ്ച വൈകുന്നേരം അമേരിക്കന്‍ മലയാളികളുമായി ഓണ്‍ലൈനിലൂടെ സംവദിക്കുന്നു.

1996 ല്‍ ആരംഭിച്ച ട്രസ്റ്റ് കേവലം മൂന്നു പതിറ്റാണ്ടിനുള്ളില്‍ കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും മാനവ സേവയുടെ മഹത്തായ മാതൃകയായി വളരുകയും ചെയ്തിട്ടുണ്ട്. അശരണര്‍ക്കു ആശ്വാസം പകരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ജാതിമത ഭേദമന്യേ ആശ്രയിക്കാവുന്ന ഇവരുടെ വിവിധങ്ങളായ സേവനങ്ങള്‍ അമേരിക്കന്‍ മലയാളികളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ സംഗമത്തിന്റെ ഉദ്ദേശം.

കേരളത്തിലെ എല്ലാ ജില്ലകളിലും സേവനത്തിന്റെ സഹായഹസ്തം നീട്ടുന്ന ഈ സംഘടന എന്‍ഡോ സല്‍ഫാന്‍ ദുരിതത്തിന്റെ നിതാന്ത ദുഃഖം പേറുന്ന കാസര്‍ഗോഡ് ജില്ലയില്‍ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച് കേരള മുഖ്യമന്ത്രി ഉത്ഘാടനം നിര്‍വഹിച്ച നല്‍കിയ എട്ടു കോടി രൂപയുടെ മെഗാ ടൗണ്‍ഷിപ്പും കേരളത്തിലാദ്യമായി കാഞ്ഞങ്ങാട്ട് തുടങ്ങിയ സ്ത്രീകളുടെയും കുട്ടികളുടെയും സൗജന്യ ആശുപത്രിയും, തിരുവനന്തപുരത്തു തോന്നയ്ക്കലിലെ സായിഗ്രാമവും മഹത്തായ മാതൃകകളാണ്. സര്‍വ്വാദരണീയനായിരുന്ന മുന്‍ രാഷ്ടപതി എ.പി. ജെ. അബ്ദുല്‍ കലാമും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവും ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി രാഷ്ട്രീയ സാമൂഹ്യ നായകരുടെയും രാഷ്ടം ആദരിക്കുന്ന കായിക കലാസാംസ്കാരിക പ്രതിഭകളുടെയും സന്ദര്‍ശനങ്ങളാല്‍ അനുഗ്രഹീതമാണു സായിഗ്രാമം.

പ്രകൃതിയോട് തികഞ്ഞ താതാത്മ്യം പുലര്‍ത്തുന്ന ഒരു പര്‍ണ്ണശാല സമാനമായാണ് ഇതിന്റെ നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വനഭംഗിയുടെ മനോഹാരിതയും ആശ്രമാന്തരീക്ഷത്തിന്റെ ശാന്തിയും നിറഞ്ഞുതുളുമ്പുന്ന അവിടെ അനേകം അനാഥരായിപ്പോയ വൃദ്ധജനങ്ങള്‍ക്കും ബാലികാ ബാലന്മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും സനാഥത്വം നല്‍കുന്ന സായ് നാരായണാലയം പ്രവര്‍ത്തിക്കുന്നു.

അന്തേവാസികള്‍ക്കും അതിഥികള്‍ക്കും 24 മണിക്കൂറും സൗജന്യ ഭക്ഷണം നല്‍കുന്ന ഊട്ടുപുരയുടെ അകമ്പടിയില്‍ പ്രാഥമിക വിദ്യാഭ്യാസസ്കൂള്‍ മുതല്‍ കലാലയ ശിക്ഷണവും ഐ. എ. എസ്. പരീക്ഷ പരിശീനന കേന്ദ്രവും വരെ പ്രവര്‍ത്തിച്ചു വരുന്നു. എയ്ഡഡ് മേഖലയില്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റ് ക്വാട്ട ഉപേക്ഷിച്ചു മുഴുവന്‍ സീറ്റും സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചു പങ്കുവെക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്വകാര്യ മാനേജ്‌മെന്റ് ആണ് സായിട്രസ്റ്റ്.

സായിഗ്രാമത്തിനു സമീപത്തായി മനോഹരമായ മാമം നദിക്കരയില്‍ പതിനായിരം മുള മരങ്ങള്‍ നട്ടുപിടിപ്പിച്ച കെ.എസ്. ചിത്ര ഉത്ഘാടനം ചെയ്ത ജലതരംഗ് മുളവനം പദ്ധതി പ്രകൃതി സ്‌നേഹികള്‍ക്ക് ഹൃദയ ഹാരിയായ കാഴ്ചയാണ്. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണത്തിനായി ഒരു പ്ലാന്‍റ്റും അവിടെ സജ്ജീകരിച്ചിരിക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന കിഡ്‌നി സംബന്ധ രോഗങ്ങള്‍ക്കും അനുബന്ധ ഡയാലിസിസ് ചികിത്സക്കുമായി സുമനസ്സുകളുടെ സഹായം തേടുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസമായി സായി ഫൗണ്ടേഷന്‍ ആരംഭിച്ച നവജീവനം പദ്ധതി ഇന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡയാലിസിസ് യന്ത്രം ദിവസ വാടകക്ക് എടുത്തു നാമമാത്രമായി ആരംഭിച്ച സൗജന്യ ഡയാലിസിസ് സേവനം വിവിധ ജില്ലകളിലായി അഞ്ചു ലക്ഷം ഡയാലിസിസ് പൂര്‍ത്തിയാക്കി നൂറു കോടി രൂപയുടെ സൗജന്യ സഹായം ഉറപ്പു വരുത്തി കഴിഞ്ഞിരിക്കുന്നു.

ഒരാളോടും സഹായത്തിനു കൈ നീട്ടാതെ ഉദാരമതികള്‍ അകമഴിഞ്ഞ് നല്‍കുന്ന സഹായം കൊണ്ട് നിര്‍ദ്ധനര്‍ക്കും നിരാലംബര്‍ക്കും ആശ്രയമാകുന്ന ട്രസ്റ്റ് കൊച്ചിയില്‍ വേറിട്ടൊരു പ്രവര്‍ത്തനം കുടി ആരംഭിക്കുകയാണ്. പ്രായമാകുമ്പോള്‍ മറവിരോഗം ബാധിച്ച മാതാപിതാക്കള്‍ പലര്‍ക്കും പ്രശ്‌നങ്ങളായി മാറാറുണ്ട്. ദീര്‍ഘകാല പരിചരണം ആവശ്യമുള്ള അത്തരക്കാര്‍ക്കായി കൊച്ചിയില്‍ ഒരുങ്ങുന്ന ഡിമെന്‍ഷ്യ ഡേ കെയര്‍ അനേകം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു പദ്ധതിയായി തീരുമെന്നതു തീര്‍ച്ചയാണ്.

സാമൂഹ്യ ഉന്നമനം സര്‍ക്കാരുകളുടെ മാത്രം ഉത്തരവാദിത്വം അല്ലായെന്നും സഹജീവി സൗഹൃദവും കാരുണ്യവും ഓരോ മനുഷ്യരുടെയും അവരുടെ കൂട്ടായ്മയുടെയും കടമയാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന കര്‍മ്മം തന്നെയാണ് സായിഗ്രാമവും ആനന്ദ് കുമാറും ചെയ്തു വരുന്നത്. അതിനെ കേള്‍ക്കാനും പിന്തുണയ്ക്കാനും എല്ലാ മനുഷ്യ സ്‌നേഹികളും മുന്നോട്ടു വരണമെന്ന് ഈ സംഗമത്തിന്റെ സംഘാടകരായ കെ.എച്. എന്‍. എ. മിഷിഗണ്‍ ഭാരവാഹികളായ സുരേന്ദ്രന്‍ നായര്‍, സുനില്‍ പൈങ്കോള്‍ , ജയ്മുരളി നായര്‍, ദിനേശ് ലക്ഷ്മണന്‍, ഗൗതം ത്യാഗരാജന്‍ എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *