വാഷിങ്ടന്‍: യുഎസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നു കമല പറ?ഞ്ഞു. ഇന്ത്യ വാക്‌സീന്‍ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. മോദിയും കമലയും ആദ്യമായാണു നേരിട്ടു ചര്‍ച്ച നടത്തുന്നത്.
മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ക്വാല്‍കോം ഉള്‍പ്പെടെ 5 വന്‍കിട യുഎസ് കമ്പനികളുടെ മേധാവികളുമായി ഇന്നലെ ചര്‍ച്ച നടത്തി. ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികളിലും സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നു ക്വാല്‍കോം സിഇഒ ക്രിസ്റ്റ്യാനോ ആമൊന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും മോദി ചര്‍ച്ച നടത്തി. പ്രഡേറ്റര്‍ ഡ്രോണ്‍ നിര്‍മിക്കുന്ന ജനറല്‍ അറ്റോമിക്‌സ് കമ്പനിയുടെ സിഇഒയും ഇന്ത്യന്‍ വംശജനുമായ വിവേക് ലല്‍, ഇന്ത്യന്‍ വംശജന്‍ ശന്തനു നാരായണ്‍ (അഡോബി), മാര്‍ക്ക് വിഡ്മര്‍ (ഫസ്റ്റ് സോളര്‍), സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍ (ബ്ലാക്ക്‌സ്‌റ്റോണ്‍) എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദിയുടെ കൂടിക്കാഴ്ച വൈറ്റ് ഹൗസ് ഓവല്‍ ഓഫിസില്‍ ഇന്നു നടക്കും. ബൈ!ഡന്‍, മോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘ക്വാഡ്’ യോഗവും ഇന്നാണ്.