സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കും : ആരോഗ്യ മന്ത്രി

Spread the love

ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ആശുപത്രി ക്ക് കാഷ് അക്രഡിറ്റേഷൻ

ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ആശുപത്രി  എം. രാജഗോപാലൻ എം.എൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തുസംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ആശുപത്രി കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽ (കാഷ്) അക്രഡിറ്റേഷൻ നേടിയതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. കാഷ് നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രിയായി ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ഡിസ്പൻസറി.
ആശുപത്രികളിൽ അഡ്മിറ്റാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും അതോടൊപ്പം തന്നെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ കൂടി വരുന്നതായും മന്ത്രി പറഞ്ഞു. ആയുഷിന്റെ സ്ഥാപനങ്ങളിൽ കോവിഡാനന്തര ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനായി പോസ്റ്റ് കോവിഡ് ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം ശക്തമാക്കും. അതോടൊപ്പം സെന്ററുകളിൽ കൂടുതൽ യോഗ ട്രെയ്നർമാരെയും ആശവർക്കർമാരുടേയും സേവനം ലഭ്യമാക്കും. കൂടുതൽ ആശുപത്രികളെ ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. ഔഷധ സസ്യങ്ങളുടെ തോട്ടമൊരുക്കുന്ന ആരാമം ആരോഗ്യം പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 700 ഹെക്ടർ ഔഷധ സസ്യത്തോട്ടം തയ്യാറാക്കും. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രമെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി കണ്ണൂർ പരിയാരത്ത് ആരംഭിക്കുമെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രമാകും ഇതെന്നും മന്ത്രി പറഞ്ഞു.
ഹോമിയോ ആശുപത്രികളിൽ ഗുണമേന്മയേറിയ സേവനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ‘കാഷ്’ അക്രഡിറ്റേഷൻ ഏർപ്പെടുത്തിയത്. ഇതിനായി രോഗീ സൗഹൃദമായ ആശുപത്രി കെട്ടിടത്തിന്റെ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങളാണ് നടത്തിയത്. രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം, ടോക്കൺ സിസ്റ്റം, കുടിവെള്ളം, ഭിന്നശേഷിക്കാരായ ആളുകൾക്കായി പ്രത്യേക ശൗചാലയം എന്നിവ പഞ്ചായത്ത് വക പുതുതായി ഒരുക്കിയിരുന്നു. സോളാർ സൗകര്യം ഒരുക്കിയതോടെ ചിറ്റാരിക്കാൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മികച്ചതായി.
ചിറ്റാരിക്കാൽ ഹോമിയോ ആശുപത്രിയിൽ എത്തുന്നവർക്ക് അറിവ് നൽകുന്നതിനാവശ്യമായ ദിശാ സൂചകങ്ങളും പരാതി/നിർദേശ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി പ്രവർത്തനങ്ങൾ എല്ലാം ഡോക്യുമെന്റ് ചെയ്ത് കൃത്യമായ ഇടവേളകളിൽ ആവശ്യമായ മാറ്റം വരുത്തി നൂറിൽ നൂറുമാർക്ക് നേടിയാണ് ആശുപത്രി കാഷ് അക്രഡിറ്റേഷൻ കരസ്ഥമാക്കിയത്.
ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ആശുപത്രി പരിസരത്ത് നടന്ന ജില്ലാതല പരിപാടിയിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ അധ്യക്ഷനായി. എം. രാജഗോപാലൻ എം.എൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. എൻ.എ.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജിത്ത് കുമാർ സി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ്, സ്ഥിരം സമിതി അധ്യക്ഷൻ ജിജി കമ്പല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുത്തിയതോട്ടിൽ, വാർഡ് മെമ്പർ വിനീത് ടി.ജോസഫ്, ജോസഫ് മുത്തോലി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി ഡോ. കെ.പി രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഹോമിയോ ഡി.എം.ഒ ഡോ. ഐ.ആർ അശോക് കുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി ശോഭ.കെ നന്ദിയും പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *