ഇന്ധന നികുതിക്കൊള്ളയ്ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു: എംഎം ഹസ്സന്‍

Spread the love

ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നികുതിക്കൊള്ളയക്ക് കൂട്ട് നില്‍ക്കുകയാണ് കേരള സര്‍ക്കാരെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.50 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.ഇന്ധനവില നൂറു രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു പിടിച്ചുവാങ്ങുന്നത് 25 രൂപയുടെ നികുതിയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് 37 രൂപയും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊളളയടിക്കുന്നത്.


അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കേരളത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ വ്യത്യാസമുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ഇൗ വ്യത്യാസം പ്രകടമാണ്. അധിക ഇന്ധന നികുതി വര്‍ധനവിലൂടെ സംസ്ഥാനത്തില്‍ നിന്ന് മാത്രം കേരള സര്‍ക്കാരിന് പ്രതിവര്‍ഷം 5000 കോടിയും കേന്ദ്ര സര്‍ക്കാരിന് 12000 കോടിരൂപയുമാണ് ലഭിക്കുന്നത്. ഈ കണക്കില്‍ നിന്നും തന്നെ എത്രത്തോളം നികുതി ഭാരമാണ് കേരള ജനത അനുഭവിക്കുന്നതെന്ന് വ്യക്തമാണ്.

കേരളത്തിന്റെ തെക്കന്‍ അതിര്‍ത്തിയായ പാറശ്ശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.30രൂപയുള്ളപ്പോള്‍ കളിക്കാവിളയില്‍ 98.50 രൂപയാണ്. പെട്രോളിനും ഇവിടെങ്ങളില്‍ നാലുരൂപ വ്യത്യാസമുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ഭരണാധികാരികളുടെ ശൈലിയുടെ വ്യത്യാസമാണ് ഇവയിലൂടെ പ്രകടമാകുന്നത്. തമിഴ്‌നാട്ടില്‍ ഭരണത്തില്‍ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇന്ധന എക്‌സൈസ് നികുതിയില്‍ നിന്നും 3 രൂപയാണ് കുറച്ചത്. ഇതിലൂടെ 1200 കോടിയൂടെ ആശ്വാസമാണ് തമിഴ് ജനതയ്ക്ക് ലഭിക്കുന്നത്.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരും വര്‍ധിപ്പിച്ച വിലയുടെ അധിക ഇന്ധന നികുതി കുറച്ചിരുന്നു. ഇതിന്റെ ഗുണഫലം അന്ന് കേരള ജനതയ്ക്ക് കിട്ടിയിരുന്നു. സ്റ്റാലിനും ഉമ്മന്‍ചാണ്ടിയും നടപ്പാക്കിയ ജനകീയ മാതൃക പിന്തുടരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ജനങ്ങളെ കൊള്ളയടിക്കാന്‍ എല്ലാ ഒത്താശയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പാര്‍ട്ടി സിപിഎം ഇന്ധന വില വര്‍ധനവിനെതിരെ സമരം നടത്തുന്നത് പരിഹാസ്യമാണ്. സിപിഎമ്മിന്റെ ആത്മാര്‍ത്ഥതയില്ലാത്ത സമരം ജനം വിലയിരുത്തും. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനവില വര്‍ധനവിനെതിരെ ശക്തമായ പോരാട്ടം ഇനിയും യുഡിഎഫ് തുടരുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *