ഞാൻ അറിയുന്ന ഈശോ ജേക്കബ് ഹൂസ്റ്റൺ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് (വൈസ് ചെയർമാൻ ഐ ഏ പി സി)

ഈശോ അങ്കിൾ’ എന്ന് പൊതുവേ അറിയപ്പെടുന്ന എന്റെ പ്രിയ ‘ഈ ജെ’, പരിചയപ്പെട്ടവർക്കെല്ലാം പ്രിയപ്പെട്ട വ്യക്തിപ്രഭാവമാണ് താങ്കൾ. കാരണം, സ്നേഹത്തിൽ ചാലിച്ച സൗഹൃദമായിരുന്നു താങ്കളുടെ മുഖമുദ്ര.
വിശാലമായ സുഹൃത് ബന്ധത്തിന്റെ ഉടമ എന്നതിനേക്കാൾ, അവരെല്ലാവരുമായി മിക്കവാറും കുശലാന്വേഷണങ്ങളും നടത്താൻ സമയം കണ്ടെത്തിയിരുന്ന സുഹൃത്തും വഴികാട്ടിയുമായിരുന്നു താങ്കൾ.

പ്രത്യേകിച്ചും തന്റെ വാക്ചാതുര്യത്തിന്റെ മികവിലൂടെ നിരവധിപേർക്ക് motivational speaker എന്ന നിലയിൽ പ്രോത്സാഹനവും ഉത്സാഹവും പകർന്നു നൽകാൻ താങ്കൾ ഉല്സുകൻ ആയിരുന്നു. വളരെയധികം പേർക്ക് സാമ്പത്തിക ഉപദേശങ്ങൾ നൽകി അവരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കിക്കൊടുത്തതിനാൽ, കണിശമായും അവർ താങ്കളോട് കടപ്പെട്ടിരിക്കുന്നു.

സമൂഹത്തിലെ പൊതുവിഷയങ്ങളിൽ തന്റേതായ അഭിപ്രായവും സഹകരണവും നിസീമമായി ചൊരിയുന്നതിൽ ഒരിക്കലും മടി കാണിച്ചിരുന്നില്ല. ഹൂസ്‌റ്റണിലെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ പങ്കാളിത്വവും നേതൃത്വവും ഈശോ ജേക്കബിന്റെ വ്യക്തിപ്രഭാവത്തിന് സാക്ഷ്യമേകുന്നു. ഹൂസ്റ്റണിലെ ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറം, കേരളാ റൈറ്റേഴ്‌സ് ഫോറം, ഓവർസീസ് കേരളാ ചേമ്പർ ഓഫ് കോമേഴ്‌സ് തുടങ്ങിയവയിൽ ഇന്നും ഈ ജെ യുടെ നേതൃത്വവും നിറസ്സാന്നിദ്ധ്യവും ഇവയ്ക്കു ഉദാഹരണങ്ങൾ മാത്രം. ഈശോ ജേക്കബിന്റെ നിരവധി പ്രസിദ്ധീകരണങ്ങളും, സംഖ്യകളുടെ ചരിത്രം പോലെയുള്ള കണ്ടുപിടുത്തങ്ങളും, സംഘാടകന്റെ ബഹുമുഖ പാടവങ്ങളും താങ്കളെ ഒരു ‘സകലകലാ വല്ലഭൻ’ ആക്കിയിരിക്കുന്നുവെന്ന് നിസ്സംശയം സൂചിപ്പിക്കട്ടെ.

ജനിച്ചുവളർന്ന കേരളത്തിൽ പഠിച്ച സ്‌കൂളിലും കോളേജുകളിലും ഒരു സംഘാടകന്റെ മികവും വാക്ചാതുര്യത്തിന്റെ പ്രസരിപ്പും തെളിയിച്ചുകഴിഞ്ഞിരുന്നു. വാഴൂർ എൻ എസ് എസ് കോളേജിലും, ചങ്ങനാശ്ശേരി എസ് ബി കോളേജിലും, കോട്ടയം സി എം എസ് കോളേജിലും മറ്റു പല പ്രമുഖരുടെ നാമങ്ങളോടൊപ്പം ഈശോ ജേക്കബ് എന്ന പേരും സുവർണ്ണലിപികളിൽ ആലേഖനം ചെയ്തിട്ടുണ്ടാവും.

തുടർന്ന്‌ കേരളത്തിലും അമേരിക്കയിലും തന്റെ എഴുത്തിന്റെ തപസ്യ, പ്രവാസി മലയാളികൾക്കിടയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അഭിമാനാര്ഹമായി തുടരുന്നു. അതേപൊലെ അമേരിക്കയിൽ മലയാളത്തിന്റെ യശസ്സ് ഉയർത്താനായി നവീന സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ തൂടങ്ങി വെച്ച പത്രമാധ്യമ പ്രവർത്തനങ്ങൾ നിരവധി മലയാളികൾക്ക് പുതിയ എഴുത്തിന് പ്രോത്സാഹനമായി എന്ന് സുഹൃത്തുക്കൾ ഇന്നും പറയുന്നുണ്ട്‌.
ഇൻഷ്വറൻസ് സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ തിളങ്ങിനിൽക്കുമ്പോഴും മാധ്യമ പ്രവർത്തന മേഖലയിൽ സജ്ജീവമായി നിലക്കൊണ്ടിരുന്നു. പല സംഘടനകളിലും തന്റെതായ പ്രവർത്തനശൈലിയും മുഖമുദ്രയും ചാർത്തി, ഏവരുടെയും പ്രിയങ്കരനായി നിലനിൽക്കുന്ന ‘ഈ ജെ’ ഒരു മഹാപ്രസ്ഥാനം തന്നെയാണ്. പ്രത്യേകിച്ചും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്‌ എന്ന മാധ്യമപ്രവർത്തകരുടെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന സംഘടനയുടെ ഉയർന്ന തലങ്ങളിൽ അതിന്റെ ആരംഭ കാലം മുതൽ ഞങ്ങള് ഒരുമിച്ചു പ്രവർത്തിച്ചു വരുന്നു. പ്രത്യേകിച്ചും ഈ ജെ യുടെ വിശാലമായ മാധ്യമ ബിസിനസ്‌ബന്ധങ്ങൾ, സംഘടനയുടെ വളർച്ചക്കും, എല്ലാ വർഷവും വിപുലമായി നടത്തിവരുന്ന അന്താരാഷ്ട്ര മാധ്യമ കോണ്ഫറന്സുകളുടെയും അതുജലവിജയങ്ങൾക്ക് സഹായകരമായിരുന്നുവെന്ന് അഭിമാനത്തോടെ ഓർക്കുന്നു.

അഗാധമായ വായനയുടെയും ക്രിസ്തീയവിശ്വാസത്തിന്റെയും നിറകുടമെന്ന നിലയിൽ, താൻ അറിഞ്ഞ വിശ്വാസസത്യങ്ങൾ മറ്റുള്ളവരിൽ എത്തിക്കാൻ വളരെ വ്യഗ്രത കാണിച്ചിരുന്നു. മഹാകവി കെ വി സൈമൺ പോലെയുള്ള പഴയകാല ആത്മീയശ്രേഷ്ഠന്മാരുടെ ജീവചരിത്രവും ‘വേദവിഹാരം’ പോലുള്ള മഹത്ഗ്രന്ഥങ്ങളെ പോലും കീറിമുറിച്ചുള്ള പഠന പരമ്പരകളും ഇന്നത്തെ തലമുറക്ക് പകരാൻ ഇന്ന് മറ്റാരും മുന്നോട്ടു വന്നിട്ടില്ലെന്ന് തോന്നുന്നു. (ഈ എളിയവൻ ‘ബൈബിളിലെ പ്രേമകാവ്യം’ എന്നപേരിൽ ‘ഉത്തമഗീതങ്ങൾ’ ലളിതമായി വ്യാഖ്യാനിച്ചു് എഴുതിക്കൊണ്ടിരുന്നപ്പോൾ സൂചിപ്പിച്ച നിർദ്ദേശങ്ങൾ അതിന്റെ പ്രസിദ്ധീകരണത്തിലും സഹായകമായി എന്ന് നന്ദിയോടെ സ്മരിക്കുന്നു).

അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ അച്ചടി പത്ര മാധ്യമങ്ങൾക്ക്‌ വേണ്ടി വാർത്തകളും ലേഖനങ്ങളും കഥകളും കവിതകളും, തന്റെ ഔദ്യോഗിക ജോലിയുടെ തിരക്കിലും, പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ നിറസ്സാന്നിദ്ധ്യം ഇന്നും മികവോടെ നിലനിർത്തുന്ന ഈശോ ജേക്കബ് എന്ന എന്റെ സുഹൃത്ത്‌ , ഈ ജെ യ്ക്ക്‌ സർവ നന്മകളും നേരുന്നു. പ്രത്യേകിച്ചും തന്റെ സഹപാഠിയും പിന്നീട് സന്തത സഹചാരിയും പ്രാണപ്രേയസിയുമായി പരിണമിച്ച, ദൈവം തന്ന തക്ക തുണയുമായി സകല ഐശ്വര്യങ്ങളോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നമ്മുടെ ദൈവം അനുഗ്രഹിക്കട്ടെ .

സ്‌നേഹാശംസകളോടെ
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
(വൈസ് ചെയർമാൻ ഐ ഏ പി സി)

Leave a Reply

Your email address will not be published. Required fields are marked *