കമല ഹാരിസിന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ആദ്യ സൗത്ത് ഏഷ്യന്‍ എന്നീ നിലകളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കമലാ ഹാരിസിന്റെ 57-ാം ജന്മദിനം സമുചിതമായി ആഘോഷിച്ച വിവരം കമലഹാരിസിന്റെ ഭര്‍ത്താവും, അമേരിക്കയിലെ സെക്കന്റ് ജന്റില്‍മാനുമായ ഡഗ് എംഹോപ്പ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

സാഹചര്യം എന്തുതന്നെയായാലും കമലയുടെ ജന്മദിനം തങ്ങളുടെ ജീവിതത്തില്‍ വളരെ സന്തോഷം നല്‍കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ.ശ്യാമള ഗോപാലന്റേയും ജമൈക്കയില്‍ ജനിച്ച ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി 1964 ഒക്ടോബര്‍ 20നായിരുന്നു കമലയുടെ ജനനം. കമലയ്ക്ക് 7 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹമോചനം നേടിയിരുന്നു. കമലയും, സഹോദരി മായയും അമ്മയോടൊപ്പമാണ് വളര്‍ന്നത്.

അമേരിക്കയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ ഹവാര്‍ഡില്‍ നിന്നും ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്നും നിയമ ബിരുദവും നേടി.

ഡമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്ന കമല 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയാ അറ്റോര്‍ണി ജനറലായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍ എന്ന പദവി 2017 മുതല്‍ 2021 വരെ ഇവര്‍ അലങ്കരിച്ചു. 2020 ല്‍ ബൈഡനോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല പൊതു തിരഞ്ഞെടുപ്പില്‍ ജയിച്ചു അമേരിക്കയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *