നടന്റെ പ്രതിഷേധം അതിര്‍വരമ്പ് ലംഘിച്ചു : കെ.സുധാകരന്‍ എംപി

Spread the love

ഇന്ധനവില വര്‍ധനവിനെതിരെ എറണാകുളം ഡിസിസി സംഘടിപ്പിച്ച ജനകീയ സമരത്തിനെതിരെ സിനിമാ നടന്‍ ജോജു ജോര്‍ജ് നടത്തിയ അക്രമവും വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതും മാനന്യതയുടെയും സഭ്യതയുടെയും അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധനവില വര്‍ധനവിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമാണ് സമരം നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു.ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പും നല്‍കിയിരുന്നു.ജനങ്ങള്‍ സമരത്തോട് പൂര്‍ണ്ണമായും സഹരിച്ചിട്ടുണ്ട്. ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ സമരമുഖത്ത് നടന്‍ ജോജു ജോര്‍ജിന്റെ പ്രകടനം ഖേദകരമാണ്.സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രകോപനപരമായാണ് അദ്ദേഹം പെരുമാറിയത്. അത് നിര്‍ഭാഗ്യകരമാണ്. ഒരു ഘട്ടത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പോലും തട്ടിക്കയറി. ഗുണ്ടയുടെ നിലവാരത്തിലാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്. വനിതാ പ്രവര്‍ത്തകരോട് അപമര്യദയായി പെരുമാറിയതിന് പോലീസ് നടനെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിഷേധം ഉണ്ടായപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിന് പകരം പോലീസ് നിഷ്‌ക്രിയമായിരുന്നു.ഇതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്. ലോകത്ത് എവിടെയുമില്ലാത്ത ഇന്ധനവില വര്‍ധനവാണ് കുറച്ചു മാസങ്ങളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിത നികുതിയാണ് ഇന്ധനവില വര്‍ധനവിന് പ്രധാനകാരണം. ഇത് ചോദ്യം ചെയ്യപ്പേടേണ്ട വിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അത് കോണ്‍ഗ്രസിന്റെ കടമയും ഉത്തരവാദിത്തവുമാണ്. ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിക്കുന്നില്ലെന്ന ആക്ഷേപം പൊതുജനത്തിനുണ്ട്. ആളുകള്‍ തന്നെ ഫോണ്‍വിളിച്ചും നേരില്‍ക്കണ്ടും പരാതിപ്പെടുന്നു. ചരിത്രത്തില്‍ ഇല്ലാത്തവിധം ഇന്ധനവില വര്‍ധിപ്പിക്കുമ്പോഴല്ലാതെ എപ്പോഴാണ് പ്രതികരിക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തുടര്‍ച്ചയായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് എറണാകുളം ഡിസിസി വഴിതടയല്‍ സമരം പ്രഖ്യാപിച്ചത്. ബിജെപിക്കും സിപിഎമ്മിനും ഇന്ധനവില വര്‍ധനവിനെതിരെ സമരം നടത്താന്‍ ധാര്‍മിക അവകാശമില്ല. ജനങ്ങളുടെ പൊതുവികാരമാണ് കോണ്‍ഗ്രസ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *