പൊട്ടിക്കരഞ്ഞിറങ്ങി, പൊട്ടിച്ചിരിച്ച് മടക്കം : ചെറിയാന്‍ ഫിലിപ്പ്

Spread the love

പൊട്ടിക്കരഞ്ഞ് കെപിസിസിയില്‍ നിന്ന് 20 വര്‍ഷം മുമ്പ് ഇറങ്ങിപ്പോയ താന്‍ താന്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് തിരിച്ചെത്തുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്.

കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനില്‍ നിന്ന് കോണ്‍ഗ്രസ് മെംബര്‍ഷിപ്പ് സ്വീകരിച്ച ശേഷം പ്രസംഗിക്കുയായിരുന്നു അദ്ദേഹം.

മാനസിക ചങ്ങല പൊട്ടിച്ചാണ് താന്‍ എകെജി സെന്ററില്‍ നിന്ന് തിരിച്ചുവരുന്നത്. അവിടെ നാവ് അനക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. കോണ്‍ഗ്രസിലായിരുന്നപ്പോഴാണ് താന്‍ കോണ്‍ഗ്രസിന്റെ കാല്‍ നൂറ്റാണ്ട് എന്ന രാഷ്ട്രീയ പുസ്തകം ഭയമില്ലാതെ രചിച്ചത്.

നീണ്ട 20 വര്‍ഷം മാര്‍ക്സിസത്തെക്കുറിച്ച് പഠിച്ചു. കിട്ടാവുന്ന മാര്‍ക്സിസ്റ്റ് രചനകള്‍ വായിക്കുകയും സൈദ്ധാന്തികരുമായി സംവദിക്കുകയും ചെയ്തു. പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ സിപിഎം മാര്‍ക്സിസത്തില്‍ വെള്ളം ചേര്‍ത്ത് അതിനെ ഇല്ലാതാക്കി എന്നാണ് താന്‍ കണ്ടെത്തിയത്. ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നേടുക എന്നതു മാത്രമാണ് ലക്ഷ്യം. അടവുനയ പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു.

കോണ്‍ഗ്രസ് തകര്‍ന്നു എന്ന പറയുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിനെ ഒരു ജലദോഷം ബാധിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിനെ ബാധിച്ചിരിക്കുന്നത് മാരകമായ രക്താര്‍ബുധമാണ്. ബംഗാളില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെങ്കില്‍ കേരളത്തില്‍ ചില്ലുകൊട്ടാരം പോലെ തകരും.

ശിഷ്ടജീവിതം താന്‍ കോണ്‍ഗ്രിനുവേണ്ടി വിനിയോഗിക്കും. കെപിസിസി നല്കുന്ന ഏതു ജോലിയും ചെയ്യാന്‍ തയാറാണ്. ഇവിടെ കിടക്കുന്ന വട്ടമേശയില്‍ താന്‍ മുമ്പ് ഉറങ്ങിയിട്ടുണ്ട്. ആ അവകാശം മാത്രമാണ് ചോദിക്കുന്നതെന്നു ചെറിയാന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മഹത്വം എന്താണെന്ന് സിപിഎമ്മിന് അകത്ത് നിന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ചെറിയാന്‍ ഫിലിപ്പെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ച ചടങ്ങില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നവര്‍ക്ക് ഒരു റോള്‍ മോഡലാണ് ചെറിയാന്‍ ഫിലിപ്പ്. സമീപകാലത്ത് കോണ്‍ഗ്രസില്‍ ചിലര്‍ വിട്ടുപോയി. എകെജി സെന്ററിന്റെ പടിക്കെട്ട് കയറുമ്പോള്‍ കാലൊന്ന് ഇടറിയാല്‍ ചുമലില്‍ താങ്ങാന്‍ പോലും ആളില്ലാതെയാണ് അവരെല്ലാം കോണ്‍ഗ്രസില്‍ നിന്നും പോയത്.കോണ്‍ഗ്രസില്‍ നിന്ന് എല്ലാ സുഖവും ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണ് ചിലര്‍ കോണ്‍ഗ്രസ് വിട്ടുപോയത്. അവിടെ പോയവര്‍ക്ക് സിപിഎം നല്‍കിയ പരിഗണന നാം കണ്ടതാണ്. സിഐടുവിന്റെ 167 ശാഖകളില്‍ ഒരു ശാഖയുടെ ജില്ലാതല ചുമതലമാത്രമാണ് 40 വര്‍ഷത്തിലധികം കോണ്‍ഗ്രസിന്റെ തലപ്പത്ത് ഉണ്ടായിരുന്ന വ്യക്തിക്കു നല്‍കിയത്.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും നേതാക്കളുടെ വിശ്വസ്തനുമായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്തെന്നില്ലാത്ത ദുഃഖമാണ് തോന്നിയത്. എന്നാല്‍ ഇന്ന് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആഹ്ലാദവും അഭിമാനവുമുണ്ട്. ചെറിയാന്റെ മടങ്ങിവരവ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടും കരുത്തുമാണെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്, വൈസ് പ്രസിഡന്റുമാരായ എന്‍ ശക്തന്‍, വിപി ,വിടി ബലറാം, ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെവി തോമസ്,കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ നിര്‍വാഹക സമിതി അംഗങ്ങള്‍, പ്രത്യേക്ഷ ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
————————-

 

Author

Leave a Reply

Your email address will not be published. Required fields are marked *