‘ഫുഡി വീൽസ്’ 20 ഇടങ്ങളിൽക്കൂടി ഉടൻ തുടങ്ങും : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Spread the love

വിനോദ സഞ്ചാര, ഗതാഗത വകുപ്പുകൾ കൈകോർത്ത് സംസ്ഥാനത്തെ 20 പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ റസ്റ്ററന്റുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗതാഗതം നിർത്തിയ പഴയ പാലങ്ങളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകൾ തുറക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ ഹോട്ടലുകളുടേയും റിസോട്ടുകളുടേയും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസിന്റെ മാതൃകയിൽ വൈക്കം കായലോരത്ത് ആരംഭിച്ച ‘ഫുഡി വീൽസ്’ റസ്റ്ററന്റിന്റെ മാതൃകയിലാണ് 20 ടൂറിസം കേന്ദ്രങ്ങളിൽക്കൂടി ഉടൻ പദ്ധതി ആരംഭിക്കുകയെന്നു മന്ത്രി പറഞ്ഞു. പ്രാദേശിക ഭക്ഷണമാകും ഇവിടെ വിളമ്പുന്നത്. ചെലവു ചുരുക്കി റസ്റ്ററന്റുകൾ തുറക്കാൻ കഴിയുമെന്നതും കൂടുതൽ ആളുകൾക്കു തൊഴിൽ നൽകാൻ കഴിയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ ആരംഭിക്കാനാണു ടൂറിസം വകുപ്പിന്റെ പദ്ധതി.

പുതിയ പാലം നിർമിച്ചതിനെത്തുടർന്നു ഗതാഗതം നിർത്തിയ പഴയ പാലങ്ങളിലാണു പൊതുമരാമത്ത് വകുപ്പുമായി ചേർന്നു ഹോട്ടൽ സംവിധാനം ആരംഭിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഈ രീതി നിലവിലുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ടൂറിസം വകുപ്പ് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, അനുഭവവേദ്യ ടൂറിസം, കലാ-സാംസ്‌കാരിക സംരക്ഷണം, ടൂറിസം മേഖലയുടെ സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ നടത്തുന്നത്. സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട മേഖലയിലെ ഹോട്ടലോ റസ്റ്ററന്റോ തെരഞ്ഞെടുക്കാൻ ഇതിലൂടെ കഴിയും. ഹോട്ടലുകളുടേയും റസ്റ്ററന്റുകളുടേയും പ്രവർത്തനത്തിലെ പ്രാദേശിക പങ്കാളിത്തം, നാടൻ വിഭവങ്ങളുടെ പ്രോത്സാഹനം, സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും നൽകുന്ന പരിഗണന തുടങ്ങി നിരവധി വിഷയങ്ങൾ പരിഗണിച്ചാണു ക്ലാസിഫൈ ചെയ്യുന്നത്.

ആർ.ടി. സിൽവർ, ആർ.ടി. ഗോൾഡ്, ആർ.ടി. ഡയമണ്ട് എന്നിങ്ങനെയാകും തരംതിരിക്കുകയെന്നു മന്ത്രി പറഞ്ഞു. പരിസ്ഥിതി മേഖലയിൽ 80 ശതമാനത്തിനു മേൽ മാർക്ക് ലഭിക്കുന്നവർക്കു ഗ്രീൻ ക്ലാസിഫിക്കഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ വിവിധ സ്‌കീമുകളുമായി ബന്ധപ്പെട്ട അപേക്ഷകൾക്കുള്ള ഓൺലൈൻ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *