എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

Spread the love

നവംബര്‍ 17 ലോക സി.ഒ.പി.ഡി. ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വര്‍ഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ (Pulmonary rehabilitation) ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും മാത്രമല്ല ശാരീരികവും മാനസികവുമായ പങ്കാളിത്തത്തിനും വളരെയധികം സഹായകമാകുന്ന ഒരു ചികിത്സാ രീതിയാണ് ശ്വാസകോശ പുനരധിവാസം. ശ്വസന വ്യായാമ മുറകള്‍, എയറോബിക് വ്യായാമങ്ങള്‍, പുകവലി നിര്‍ത്തുന്നതിനുള്ള സഹായം, ശ്വാസകോശ രോഗികള്‍ വിഷാദ രോഗങ്ങള്‍ക്കടിമപ്പെടാതിരിക്കാനുള്ള കൗണ്‍സിലിംഗ് സേവനങ്ങള്‍ എന്നിവയൊക്കെയാണ് ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കുന്നത്. ഈ സേവനങ്ങള്‍ സി.ഒ.പി.ഡി. രോഗികള്‍ക്ക് മാത്രമല്ല മറ്റു ശ്വാസകോശ രോഗികള്‍ക്കും കോവിഡാനന്തര രോഗികള്‍ക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

illustration of human lungs xray

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പുകകള്‍, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു.

ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റസ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സി.ഒ.പി.ഡി. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ‘ആരോഗ്യകരമായ ശ്വാസകോശം – മുമ്പത്തേക്കാള്‍ പ്രധാനം’ എന്നുള്ളതാണ് ഇത്തവണത്തെ ലോക സി.ഒ.പി.ഡി. ദിന സന്ദേശം. ഈ സന്ദേശത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

ഊര്‍ജ്ജസ്വലരായിരിക്കുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യകരവും പോഷകവുമായ ഭക്ഷണശീലം, കൃത്യമായി ഇടവേളകളില്‍ ഡോക്ടറെ കാണുക, പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക, ശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തം, പുകയും വിഷവാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ ശ്വാസകോശാരോഗ്യം സംരക്ഷിക്കുന്നതിന് സി.ഒ.പി.ഡി. രോഗികള്‍ ചെയ്യേണ്ടതാണ്.

കേരളത്തില്‍ ഏകദേശം 5 ലക്ഷത്തില്‍ പരം സി.ഒ.പി.ഡി. രോഗികളുണ്ടെന്നാണ് കണക്ക്. സി.ഒ.പി.ഡി. പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ‘ശ്വാസ്’ എന്ന പേരില്‍ ഒരു നൂതന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സി.ഒ.പി.ഡി.യ്ക്കു വേണ്ടി ഒരു പൊതുജനാരോഗ്യ പദ്ധതി ഇന്ത്യയില്‍ ആദ്യമായാണ് കേരളത്തില്‍ ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ സി.ഒ.പി.ഡി. രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്തുന്നു.

39 ജില്ലാ, ജനറല്‍ ആശുപത്രികളിലും 379 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതിനോടകം തന്നെ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ക്ലിനിക്കുകളിലൂടെ 20,000 ത്തിലധികം സി.ഒ.പി.ഡി. രോഗികളെ ഇതിനോടകം കണ്ടെത്തി ആവശ്യമായ സേവനങ്ങള്‍ നല്‍കി വരുന്നു. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം പുതിയ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *