മഴ സാഹചര്യം: ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

Spread the love

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ത്ഥാടത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അതിശക്ത മഴയുടെ സാഹചര്യത്തിലും കോവിഡിന്റെ പശ്ചാത്തലത്തിലും ശബരിമല തീര്‍ഥാടനം ഏറ്റവും സുരക്ഷിതമാക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട്. ചില റോഡുകളിലെ പാച്ച്‌വര്‍ക്ക് ശക്തമായ മഴയില്‍ ഒലിച്ചു പോയ നിലയിലാണുള്ളത്. ചില റോഡുകളുടെ വശങ്ങള്‍ ഇടിഞ്ഞ സാഹചര്യവുമുണ്ട്. വെള്ളക്കെട്ട് ഉണ്ടായ റോഡുകളില്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. പോലീസ്, പിഡബ്ല്യുഡി, എന്‍എച്ച്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്ന് ഗതാഗതം വഴിതിരിച്ച് വിടുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ അടിയന്തരമായി അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കൃത്യസമയത്ത് വഴി തിരിച്ചു വിടുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കും. ശബരിമല പാതകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുവാനും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടന കാലവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ചെയ്യുന്നതിന് ഉപരിയായി ആരോഗ്യ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്റിജന്‍ കിറ്റിന്റെ ലഭ്യത, ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം എന്നിവയും ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശബരിമല വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടന പാതയില്‍ ചിലയിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്. ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് ശാരീരിക വിഷമതകള്‍ നേരിട്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും ജില്ലയിലെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ വകുപ്പുകളേയും ഏകോപിച്ചുള്ള ജാഗ്രതയോടുള്ള പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *