ഞുണങ്ങാര്‍ താല്‍ക്കാലിക പാലം തുറന്നു; സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി

Spread the love

പത്തനംതിട്ട: പരാതിരഹിതമായ മണ്ഡലകാലമാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. പമ്പയില്‍ ഞുണങ്ങാറിനു കുറുകെ താല്‍ക്കാലികമായി നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
ജലസേചന വകുപ്പ് സമയബന്ധിതമായാണ് ഞുണങ്ങാര്‍ പാലം പൂര്‍ത്തിയാക്കിയത്. മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് മറുകരയിലുള്ള ഇന്‍സിനറേറ്റര്‍, സ്വീവേജ് പ്ലാന്റ് എന്നിവിടങ്ങളിലേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അവയ്ക്കെല്ലാം ശാശ്വത പരിഹാരമായിരിക്കുകയാണ് പുതിയ താല്‍ക്കാലിക പാലം നിര്‍മാണത്തിലൂടെ. തീര്‍ഥാടനം സുഗമമായി നടത്തുന്നതിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.19.3 ലക്ഷം രൂപ വിനിയോഗിച്ച് 10 ദിവസം കൊണ്ടാണ് ഗാബിയോണ്‍ മാതൃകയിലുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചാണ് പമ്പ ത്രിവേണിയില്‍ ഞുണങ്ങാറിന് കുറുകെ ജലസേചന വകുപ്പ് താല്‍കാലിക പാലം നിര്‍മിച്ചത്. എല്ലാ വകുപ്പുകളും ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പാലം വേഗം പൂര്‍ത്തിയാക്കാനായതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. മനോജ് ചരളേല്‍, ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ സ്ഥാനത്ത് പുതിയ പാലം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് പത്ത് ദിവസമാണ് ജലസേചന വകുപ്പിന് അനുവദിച്ചിരുന്നത്. 20 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 10 മുതല്‍ 15 വരെ ടണ്‍ സംഭരണ ശേഷിയുള്ള ട്രാക്ടറുകള്‍ കടന്നുപോകാന്‍ പാകത്തിലാണ് നിര്‍മിതി. പുഴയിലെ വെള്ളം കടന്നുപോകാന്‍ രണ്ട് പാളികളായാണ് 24 പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. താഴെ ഏഴും മുകളില്‍ അഞ്ചുമായി 12 വെന്റുകളാണുള്ളത്. ഇതിന് രണ്ട് വശത്തും ഉരുക്കുവലയ്ക്കകത്ത് കല്ലുകള്‍ അടുക്കി ഗാബിയോണ്‍ സ്ട്രക്ചറിലാണ് നിര്‍മാണം. പാലത്തിന് മുകളില്‍ ഒരു പാളി ജിഎസ്ബി (ഗ്രാന്യുലാര്‍ സബ് ബേസ്) ഇട്ട് അതിന് മുകളിലൂടെ വാഹനം കടന്നുപോകാനുള്ള സംവിധാനമാണ് ഒരുക്കിയത്. പാലത്തിന്റെ രണ്ട് വശത്തും തെങ്ങിന്‍ കുറ്റി പൈല്‍ ചെയ്ത്, വെള്ളപ്പാച്ചിലില്‍ പാലം മറിഞ്ഞുപോകാത്ത വിധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *