കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാൻ തീരുമാനമായി

Spread the love

കെ.എസ്.ആർ.ടി.സി ശമ്പളം സർക്കാർ ജീവനക്കാർക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2021 ജൂൺ മുതൽ പുതിയ ശമ്പളസ്‌കെയിൽ നിലവിൽ വരും. 2022 ജനുവരിയിലെ ശമ്പളം മുതൽ പുതിയ നിരക്കിലുള്ള ശമ്പളം ലഭിക്കും. നിലവിലുള്ള അടിസ്ഥാന ശമ്പളം 8730 രൂപയിൽ നിന്നും 23,000 രൂപയായി വർധിപ്പിക്കും. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്‌കെയിലിൽ ലയിപ്പിക്കും. ഫിറ്റ്‌മെന്റ് അലവൻസ് 10 ശതമാനം നിലനിർത്തും. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തസ്തികയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ആറ് മാസം പ്രസവാവധിക്ക് പുറമെ 5000 രൂപ അലവൻസോടെ ഒരു വർഷത്തെ

ശൂന്യവേതനാവധി അനുവദിക്കും. സർവീസ് ആനുകൂല്യങ്ങൾക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രി സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പള പരിഷ്‌ക്കരണത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
വീട്ടു വാടക ബത്ത നാലു ശതമാനം നിരക്കിൽ കുറഞ്ഞത് 1200 രൂപ മുതൽ 5000 രൂപ വരെ വർധിപ്പിക്കും. ഡി.സി.ആർ.ജി ഏഴു ലക്ഷത്തിൽ നിന്നും 10 ലക്ഷമായി വർധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് 50 രൂപയും 20ൽ കൂടുതൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് 100 രൂപയും അധിക ബത്ത നൽകും. പ്രമോഷൻ ഘട്ടംഘട്ടമായി നടപ്പാക്കും.
മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കും. 500 കിലോമീറ്റർ വരെയുള്ള ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടറെ നിയോഗിക്കും. അന്തർസംസ്ഥാന ബസുകളിൽ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവർ കം കണ്ടക്ടർ, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡർ തസ്തിക സൃഷ്ടിക്കും. മെക്കാനിക്കൽ ജനറൽ, മെക്കാനിക്കൽ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കൽ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടുകൂടി അഞ്ച് വർഷം വരെ സർവീസ് ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് അവധി അനുവദിക്കും.
പൊതു അവധി 15 ആയും നിയന്ത്രിതാവധി നാല് ആയും നിജപ്പെടുത്തും. പെൻഷൻ പരിഷ്‌കരണം സംബന്ധിച്ച് പെൻഷൻകാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചർച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എം.പാനൽ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്ന് അംഗ സമിതിയെ നിയോഗിക്കും. കെ.എസ്.ആർ.ടി.സി സിഫ്റ്റ് സർക്കാരിന്റെ പ്രഖ്യാപിത നയമായതിനാൽ 2022 ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *