ഗവര്‍ണറുടെ കത്ത്: പിണറായി വിജയന്‍ സര്‍ക്കാരിനുള്ള ചരമക്കുറിപ്പെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശങ്ങളെ തകര്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിക്കുള്ള ചരമക്കുറിപ്പാണ് ഗവര്‍ണന്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ നടത്തിയ നിയമ വിരുദ്ധമായ കാര്യങ്ങളാണ് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണറുടെ അഭിപ്രായത്തെ പൂര്‍ണമായും യു.ഡി.എഫ് അംഗീകരിക്കുന്നു. ചാന്‍സിലറെന്ന ഗവര്‍ണറുടെ അധികാര സ്ഥാനത്തെ പൂര്‍ണമായും റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റി അധികാരങ്ങള്‍ മുഴുവനും സര്‍ക്കാര്‍ കൈടക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു ഓര്‍ഡിന്‍സ് കൊണ്ടുവന്നാല്‍ ചാന്‍സിലറുടെ സ്ഥാനം

മുഖ്യമന്ത്രിയ്ക്ക് നല്‍കാമെന്നാണ് ഗവര്‍ണര്‍ നിസ്സഹായകനായി പറയുന്നത്. ഗവര്‍ണര്‍ ചാന്‍സിലര്‍ എന്ന നിലയില്‍ പരാതിക്കാരനാവുകയോ നിസ്സഹായകനാവുകയോ ചെയ്യുകയല്ല വേണ്ടത്. നിയമം നല്‍കുന്ന അധികാരം നിര്‍ഭയം വിനിയോഗിക്കുകയാണ് ചെയ്യേണ്ടത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സിയുടെ നിയമനം നിയമ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ കത്തില്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണെന്ന് എം.എം ഹസന്‍ ചൂണ്ടിക്കാട്ടി.

സര്‍വ്വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിച്ച് എ.കെ.ജി സെന്ററുകള്‍ ആക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. യൂണിവേഴ്സിറ്റികളിലെ അമിതമായ രാഷ്ട്രീയവല്‍ക്കരണം അക്കാഡമിക് സ്വാതന്ത്യത്തെ തകര്‍ക്കുന്നതും സ്വയം ഭരണാവകാശത്തെ നശിപ്പിക്കുന്നതുമാണ്. കാലടി സര്‍വ്വകലാശാലയിലും നിയമ വിരുദ്ധമായ വൈസ് ചാന്‍സിലര്‍ നിയമനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് എം.എം ഹസന്‍ ആവശ്യപ്പെട്ടു.

കലാമണ്ഡലത്തിലെ വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്കെതിരായി കേസ് കൊടുത്തിരിക്കുന്നു. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ചാന്‍സിലറുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു വൈസ് ചാന്‍സിലര്‍ക്ക് എന്തവകാശം. ഈ കേസിന്റെ കാര്യം ഗവര്‍ണര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ട് സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ വൈസ് ചാന്‍സിലര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതിനു പകരം സംരക്ഷിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. യൂണിവേഴ്സിറ്റികളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പിണറായി സര്‍ക്കാര്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനേയും പോലീസ് സേനയേയും രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും എം.എം ഹസന്‍ ആരോപിച്ചു.

 

Leave Comment