കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സുപ്രധാനം : മന്ത്രി പി. പ്രസാദ്

Spread the love

കൊല്ലം: കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാന്‍ കഴിയുന്നത്ര തയ്യാറാകണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ചടയമംഗലം ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഇക്കോ ഷോപ്പിന്റെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വിപണന യൂണിറ്റിന്റെയും ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലി രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിന്റെ പ്രാധാന്യമേറെയാണ്. ‘ഞാനും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ് ഇക്കോ ഷോപ്പുകള്‍ എന്നിവ വിപണനകേന്ദ്രങ്ങളാക്കണമെന്നും മന്ത്രി പറഞ്ഞു.മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷയായി. ചടയമംഗലം മണ്ഡലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്ക് വലിയ സാധ്യതയുണ്ട്. ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കര്‍ഷകരില്‍ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.മുതിര്‍ന്ന കര്‍ഷകരായ എന്‍. പ്രകാശ്, കെ. കെ പൊന്നമ്മ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ആദരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, വൈസ് പ്രസിഡന്റ് ഹരി വി. നായര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. വി ബിന്ദു, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. ഉഷ, ജയന്തി ദേവി, ദിനേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ് ഷീബ, ചടയമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എസ് രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *