“മധുരം ശോഭനം” പ്രേക്ഷകർക്കുള്ള ഈ വർഷത്തെ ക്രിസ്‌തുമസ് സമ്മാനം.
കൊച്ചി: തിരുപ്പിറവിയുടെ സന്തോഷത്തിനായും പുതു വർഷത്തിന്റെ പ്രതീക്ഷകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇതാ സീ കേരളം ചാനലിന്റെ സ്നേഹ സമ്മാനം. മലയാളത്തിൻ്റെ നായികവസന്തം ശോഭന സീ കേരളം പ്രേക്ഷകരിലേക്ക് എത്തുകയാണ്. “മധുരം ശോഭനം” എന്ന ഗ്രാൻഡ് ഷോയിലൂടെ ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കാൻ തയാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ചാനൽ. നിത്യഹരിത നായികയും പകരം വയ്ക്കാനില്ലാത്ത നർത്തകിയുമായ ശോഭനയുടെ ജീവിതത്തിലൂടെയുള്ള യാത്ര, “മധുരം ശോഭനം”, കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകരുടെ സ്വീകരണമുറികളെ വർണാഭമാക്കുമെന്നുറപ്പാണ് . ഈ ക്രിസ്‌മസ് സ്‌പെഷ്യൽ ഷോയുടെ ഫസ്റ്റ് ലുക്ക് പ്രൊമോ ഇതിനോടകം തന്നെ ജനങ്ങൾക്കിടയിൽ ഹിറ്റാണ്. പ്രൊമോയിൽ പ്രിയപ്പെട്ട നടി ഒരു വിന്റേജ് കാറിൽ സീ കേരളം സ്റ്റുഡിയോയിലേക്ക് നടന്നു കയറുന്ന രംഗം പ്രേക്ഷകർക്കിടയിൽ അളവറ്റ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.
38 വർഷമായി സിനിമ പ്രേക്ഷകരുടെ മനസ്സിൽ പകരം വയ്ക്കാനാകാത്ത ഇടം നേടിയ ശോഭന ചലച്ചിത്രമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് “മധുരം ശോഭനം”. ഈ അസുലഭ വേദിയിൽ ശോഭനക്കൊപ്പം മറ്റ് പ്രമുഖ താരങ്ങളും ഗായകരും മത്സരാർത്ഥികളും അണിനിരക്കും. സീ കേരളം ചാനലിന്റെ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ , ഷംന കാസിം, ദീപ്തി സതി, മിയ ജോർജ്, ദുർഗ്ഗാ കൃഷ്ണ, യെദു കൃഷ്ണ, രശ്മി സോമൻ, അമ്പിളി ദേവി എന്നിവരുൾപ്പെടെ ബഹുമുഖ പ്രതിഭകൾ ഈ ഗ്ലാമറസ് ഷോയിൽ മിന്നും പ്രകടനങ്ങളുമായെത്തുന്നുണ്ട്. കൂടാതെ , ശോഭനയോടൊപ്പം ഒരുമിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവും നിർമ്മാതാവുമായ മണിയൻപിള്ള രാജുവും മധുരിക്കും ഓർമകളെ അയവിറക്കാൻ വേദിയിലെത്തും. .
ശോഭനയുടെ എക്കാലത്തെയും ക്ലാസിക് കഥാപാത്രങ്ങളായ നാഗവല്ലി, കാർത്തുമ്പി എന്നിവയെ താരങ്ങളായ ഷംന കാസിമും മിയ ജോർജ്ജും വേദിയിൽ പുനർസൃഷ്ടിക്കും. കൂടാതെ , ഒരു ഇടവേളയ്ക്കു ശേഷം അഭിനേതാക്കൾ എന്നതിലുപരി മികച്ച നർത്തകർ കൂടെയായ രശ്മി സോമൻ, അമ്പിളി ദേവി, യെദു തുടങ്ങിയ താരങ്ങളുടെ മികച്ച തിരിച്ചു വരവിനും ഈ വേദി സാക്ഷ്യം വഹിക്കും. ഇവർക്കൊപ്പം സോഷ്യൽ മീഡിയയിലെ താരങ്ങളും മറ്റു യുവപ്രതിഭകളും ഈ ദൃശ്യ വിരുന്നിൽ പങ്കെടുക്കും
ഈ സംഭവബഹുല സപര്യയുടെ മിഴിവാർന്ന നിമിഷങ്ങൾ കോർത്തിണക്കിയ വേദി എല്ലാ പ്രായക്കാരെയും പിടിച്ചിരുത്തുമെന്നുള്ളതുറപ്പാണ്. ശോഭനയുടെ അഭിനയ – നൃത്ത ജീവിതത്തിലൂടെയുള്ള യാത്ര “മധുരം ശോഭനം” ഡിസംബർ 26 നു സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും.