എഴുത്തമ്മ, നൃത്തവർഷണി, ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡുകൾ നീനാ പനയ്ക്കലിനും, നിമ്മീ ദാസ്സിനും , എയ്‌മിലിൻ തോമസ്സിനും – (പി. ഡി. ജോർജ്, നടവയൽ)

ഫിലഡൽഫിയ: എഴുത്തമ്മ അവാർഡിന്, പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കലും; നൃത്തവർഷണി അവാർഡിന്, പുകളറിഞ്ഞ നർത്തകി നിമ്മീ റോസ് ദാസ്സും; റൈസിങ്ങ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡിന്, ബാലാവകാശ സ്പീച് ഫെയിം എമിലിൻ റോസ് തോമസ്സും അർഹരായി.

“നീനയുടെനോവലുകളിലൂടെ വെളിപ്പെട്ട “സത്യം” എന്ന അന്വേഷണത്തിനായി,

നീനാ പനയ്ക്കലിന് അവാർഡ്”, എന്നാണ് ജഡ്ജിങ്ങ് കമ്മിറ്റി പ്രസ്താവിച്ചത്. “ചാരുതയാർന്ന നൃത്ത നാടകീയ ആവിഷ്കാര ഘടകങ്ങളും, വിശിഷ്ടമായ നൃത്ത അറിവും, കരകൗശലവും, ഐതിഹ്യാവതരണ പടുത്വവും, ലളിത കലാ നൈപുണ്യവും, ഡിസൈനും, നവരസഭാവപ്രകടന ലാവണ്യവും, സേവന ജീവിത പ്രവർത്തികളും, കണ്ടില്ലെന്നു നടിയ്ക്കാനാവാത്തതിനാൽ നിമ്മിക്ക് അവാർഡ്” എന്നാണ് അവാർഡ് നിർണ്ണയ സമിതി കുറിച്ചത്.

“ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരിക്കെത്തന്നെ, 2021, സെപ്‌റ്റംബർ 17-ലെ, യുഎൻ പ്രസംഗത്തിൽ, എയ്‌മിലിൻ പ്രകടിപ്പിച്ച വലിയ അനുകമ്പയ്ക്കും ആത്മവിശ്വാസത്തിനും ആശയവിനിമയ കഴിവുകൾക്കും നമുക്കിത്രത്തോളമെങ്കിലും ആദരിക്കാനായില്ലെങ്കിൽ അത് അക്ഷന്തവ്യമായ ഉദാസ്സീനതയാകും” എന്നാണ് ജഡ്ജിങ്ങ് കമ്മിറ്റി എയ്‌മിലിനെ അവാർഡ് ജേതാവായി പ്രഖ്യാപിക്കാൻ കാരണമായി രേഖപ്പെടുത്തിയത്.

വേൾഡ് മലയാളി കൗൺസിലിൻ്റെ അവാർഡു നിർണ്ണയ സമിതി, 2021 വർഷത്തെ പ്രവർത്തന മികവുകളിൽ നിന്ന് തിരഞ്ഞടുത്ത, പ്രഗത്ഭരുടെ ശ്രേണിയിൽ മികച്ചവരെന്നു കണ്ടെത്തിയ, മൂന്നു ദീപ്തികളാണിവർ. വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസാണ്, അവാർഡ് ഏർപ്പെടുത്തിയത്.

ഫിലിപ്പ് തോമസ് (ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയൺ ചെയർമാൻ, ) സുധീർ നമ്പ്യാർ (ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയൺ പ്രസിഡൻ്റ്), പിൻ്റോ കണ്ണമ്പള്ളി (ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയൺ ജറൽ സെക്രട്ടറി) എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് പാനൽ അവാർഡു ജേതാക്കളുടെ എതിരറ്റ കർമമേന്മയ്ക്കു സൂര്യശോഭയാണുള്ളതെന്ന് ഐകകണ്ഠ്യേന വിധിയെഴുതി. ജോസ് ആറ്റു പുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), സിബിച്ചൻ ചെമ്പ്ളായിൽ (ജനറൽ സെക്റട്ടറി), നൈനാൻ മത്തായി (ട്രഷറാർ), തോമസ് കുട്ടി വർഗീസ് ( ജോയിൻ്റ് ട്രഷറാർ & പ്രോഗ്രാം കോർഡിനേറ്റർ), ഡോ. ജിൻസി മാത്യൂ (വിമൻസ് ഫോറം പ്രസിഡൻ്റ്) എന്നിവരാണ് വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് മുഖ്യ ഭാരവാഹികൾ.

Leave Comment