കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീര്‍ കാണാതെ കുറ്റിയടിക്കരുത്: കെ.സുധാകരന്‍ എംപി

Spread the love

ചെങ്ങറയിലെയും അരിപ്പയിലെയും പാവപ്പെട്ട ജനങ്ങള്‍ ഭൂമിക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ 101 മണിക്കൂര്‍ സമരം നടത്തുമ്പോള്‍, കണ്‍മുന്നിലുള്ളത് കാണാതെ കെ റെയിലിന്റെ പേരില്‍ കേരളമാകെ ഓടിനടന്ന് കുറ്റിയടിച്ച് ജനങ്ങളെ സ്വന്തം വീടുകളില്‍ നിന്നും കുടിയൊഴിപ്പിക്കാന്‍ കണ്ണില്‍ച്ചോരയില്ലാത്ത സര്‍ക്കാരിനെ സാധിക്കൂയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന പോഷകസംഘടനാ നേതൃയോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഒരു വ്യാഴവട്ടക്കാലമായി പെരുവഴിയിലാണ്. ഏഴു വില്ലേജുകളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബാംഗങ്ങളില്‍ 52 പേര്‍ക്കു മാത്രമാണ് ഇതുവരെ വീട് വയ്ക്കാനായത്.ആനുകൂല്യം കിട്ടാതെ 32 പേര്‍ മരിച്ചു. കെ.റെയിലിനുവേണ്ടി കുടിയൊഴിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളാണെന്ന് സുധാകരന്‍ പറഞ്ഞു.

ഏകപക്ഷീയ നിലപാടുകളോടെയാണ് ഈ പദ്ധതിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. കെ.റെയില്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച തുക വളരെക്കുറവാണ്. ഈ പദ്ധതി കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കും.ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് കെ.റെയില്‍ വിരുദ്ധനിലപാടെടുത്തത്. കെ റെയില്‍ സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നത്? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് പദ്ധതിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്.നാടുനീളെ വിശദീകരണ യോഗം സംഘടിപ്പിക്കുന്ന മുഖ്യമന്ത്രി കെ റെയിലിന്റെ ഡി.പി.ആര്‍ പൂഴ്ത്തിവെയ്ക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.

കെ.റെയിലിന്റെ അശാസ്ത്രീയതയും ദോഷവശങ്ങളെ സംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കുന്ന ഉദ്യമം കോണ്‍ഗ്രസ് ഏറ്റെടുക്കും. ജനങ്ങളുമായി സംവാദം,വീടുവിടാന്തരം പ്രചാരണം, റെയില്‍വെ ലൈന്‍ കടന്ന് പോകുന്നിടങ്ങളില്‍ സമരകേന്ദ്രങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച 137 രൂപ ചലഞ്ചിന് വലിയ പിന്തുണ ലഭിച്ചു. ഫലപ്രദമായി പദ്ധതി വിജയിപ്പിക്കാന്‍ പോഷക സംഘടനകളുടെ പിന്തുണ ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്‍, ജി.എസ് ബാബു, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, പോഷക സംഘടകളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *