സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ എന്തെളുപ്പം

Spread the love

ആവശ്യമെങ്കില്‍ പോലീസ് സഹായവും നിയമസഹായവും

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് ഈ

പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്. സംസ്ഥാനത്ത് നിന്നും സ്ത്രീധനം തുടച്ചുമാറ്റുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വധുവിന്റെ കുടുംബം, വരനോ വരന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ കഴിയും.

ഓണ്‍ലൈനായി എങ്ങനെ പരാതിപ്പെടണം?

· ആദ്യമായി http://wcd.kerala.gov.in/dowry എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
· വിശദ വിവരങ്ങള്‍ വായിച്ച ശേഷം പരാതി സമര്‍പ്പിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒടിപി സബ്മിറ്റ് ചെയ്യുക
· അടിസ്ഥാനപരമായവ വിശദാംശങ്ങള്‍ ടെപ്പ് ചെയ്യണം.
· വിവരം നല്‍കുന്നയാള്‍ സ്വയം, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍, സംഘടന എന്നീ ഏത് വിധേനയാണെന്ന് ക്ലിക്ക് ചെയ്യണം
· വിവരം നല്‍കുന്നയാളിന്റെ പേര്, ഇ മെയില്‍ ഐഡി എന്നിവ നല്‍കണം
· ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങള്‍, സംഭവം നടന്ന സ്ഥലം മേല്‍വിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നല്‍കണം.
· ഈ പരാതി മുമ്പ് വേറെവിടെയെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം
· രേഖകള്‍ അപ് ലോഡ് ചെയ്ത ശേഷം സെക്യൂരിറ്റി കോഡ് നല്‍കിയ ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യാം.

രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ എസ്.എം.എസ്. അറിയിപ്പ് നല്‍കും. ഓരോ ഘട്ടത്തിലും എസ്.എം.എസ്. അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതാണ്.

ലഭിക്കുന്ന രജിസ്‌ട്രേഷനുകള്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥര്‍ക്ക് (ജില്ലാ ശിശുവികസന പദ്ധതി ഓഫീസര്‍) കൈമാറും. ഓരോരുത്തരും തിരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച്, അന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും. ആവശ്യമെങ്കില്‍ പോലീസ് സഹായവും നിയമസഹായവും നല്‍കും. പോലീസിന്റെയും, നിയമവിദഗ്ധരുടെയും, ഉപദേശം, സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍ എന്നീ സഹായങ്ങള്‍ പരാതിക്കാരിക്ക് ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന കാതോര്‍ത്ത് പദ്ധതി മുഖേന ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.

സംശയങ്ങള്‍ക്ക് 0471 2346838 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *