വിശേഷാൽ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടനവും ദേശീയതല പഞ്ചായത്ത് അവാർഡ് വിതരണവും നടത്തി

കേരളം പൂർവ മാതൃകകൾ ഇല്ലാതെ വികസന മാതൃക സൃഷ്ടിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.

പൂർവ മാതൃകകൾ ഇല്ലാതെ ലോകത്തിനു മുന്നിൽ വികസന മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏപ്രിൽ 24 ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി വിശേഷാൽ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടനവും ദേശീയതല പഞ്ചായത്ത് അവാർഡ് വിതരണവും അരോളി ജി എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വിശേഷാൽ ഗ്രാമസഭയും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്ത്യ സമ്പത്തുള്ള രാജ്യമാണെങ്കിലും ദരിദ്രരുടെ രാജ്യമാണ്. ആ ഇന്ത്യയിൽ പാവപ്പെട്ട മനുഷ്യന് ഗുണമേന്മയോടെ ജീവിക്കാൻ കഴിയുന്ന സംസ്ഥാനം കേരളമാണ്. ലോകത്തിന് മുന്നിൽ വികസിത തുരുത്തായി കേരളത്തെ ഉയർത്തിക്കൊണ്ടു വരുന്നതാണ് രണ്ടാം നവകേരള കർമ പദ്ധതി. ഇതിന് കരുത്തേകാൻ, നീതി ആയോഗ് തയ്യാറാക്കിയ 16 സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംയോജിപ്പിച്ച് കേരളം തയാറാക്കിയ 10 ലക്ഷ്യങ്ങൾ വിശേഷാൽ ഗ്രാമസഭകൾ ചർച്ച ചെയ്യും. ദാരിദ്ര്യ രഹിതവും ഉയർന്ന ഉപജീവനമുള്ളതുമായ ഗ്രാമങ്ങൾ, ആരോഗ്യ ഗ്രാമം, ശിശുസൗഹൃദ ഗ്രാമം, ജലപര്യാപ്ത ഗ്രാമം, ഹരിത ഗ്രാമം, സ്വയംപര്യാപ്തമായ അടിസഥാന സൗകര്യങ്ങളോടു കൂടിയ ഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം, സദ്ഭരണത്തിന്റെ നാട്, ഗ്രാമങ്ങളിലെ ലിംഗസമത്വ വികസനം, ഗുണമേൻമയുള്ള വിദ്യാഭ്യാസം എന്നിവയാണ് വിശേഷാൽ ഗ്രാമസഭകളിൽ ചർച്ച ചെയ്യുക. ഗ്രാമസഭ എടുക്കുന്ന തീരുമാനം ജില്ലാ ആസൂത്രണ സമിതിയെ അറിയിക്കുകയും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലേക്ക് അയച്ചുകൊടുക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

ദേശീയ അവാർഡുകളായ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാർ നേടിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് (കൊല്ലം), ളാലം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം), അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് (തൃശൂർ), വെസ്റ്റ് കല്ലട (കൊല്ലം), ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരവും ഗ്രാമപഞ്ചായത്ത് ഡവലപ്‌മെൻറ് പുരസ്‌കാരവും നേടിയ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് (കണ്ണൂർ), ചൈൽഡ് ഫ്രൻ്ര്‌ലി ഗ്രാമപഞ്ചായത്ത് പുരസ്‌കാരവും നേതാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുസ്‌കാർ നേടിയ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഭരണസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Leave Comment