ന്യൂയോര്‍ക്ക്: അമേരിക്കൻ മലയാളികളുടെ മാതൃകാ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രവാസികൾക്കിടയിലെ ശ്രദ്ധേയനായ സംഘാടകനും വ്യവസായിയും സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകനുമായ ഡോ. ബാബു സ്റ്റീഫൻ രംഗത്ത്. ഡോ. ബാബു സ്റ്റീഫനെ പിൻ തുണയ്ക്കുന്നതിനും വാഷിംഗ്ടൺ ഡി.സി യിൽ നിന്ന് ഫൊക്കാനയുടെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് വാഷിംഗ്ടൺ ഡി സി യിലെ നാല് പ്രമുഖ സംഘടനകൾ പ്രഖ്യാപിച്ചു. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ, ഗ്രേറ്റർ റിച്ച്മണ്ട് അസോസിയഷേൻ ഓഫ് മലയാളീസ്, കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ, കൈരളി ഓഫ് ബാൾട്ടിമോർ എന്നീ സംഘടനകളാണ് ഡോ.ബാബു സ്റ്റീഫന്റെയും വാഷിംഗ്ടൺ ഡി.സി യിൽ നിന്നുള്ള മറ്റ് സ്ഥാനാർത്ഥികളായ വിപിൻ രാജ്, ജോൺസൺ തങ്കച്ചൻ , കലാ ഷാഹി എന്നിവരുടെ വിജയത്തിനായി അണിചേരുന്നത്. വാഷിംഗ്ടണിൽ ഫൊക്കാനയുടെ പ്രധാന പ്രവർത്തകരായ ബെൻ പോളും സ്റ്റാൻലി എതുനിക്കലും ബാബു സ്റ്റീഫനും മറ്റ് സ്ഥാനാർത്ഥികൾക്കും തങ്ങളുടെ പൂർണ്ണ പിൻതുണ അറിയിച്ചു. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിൽ നിന്ന് നാല് പ്രമുഖ സംഘടനകൾ ആദ്യമായാണ് സ്ഥാനാർത്ഥികളെ ഒറ്റക്കെട്ടായി പിൻതുണയറിയിക്കുന്നത്. യു എസ് പ്രവാസി സംഘടനകളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും ഇത്തരമൊരു ഏകോപനം ഇദംപ്രഥമമാണ്. ഡോ. ബാബു സ്റ്റീഫന്റെ വിജയം ഫൊക്കാനയുടെ കെട്ടുറപ്പിനും സക്രിയമായ ഭാവി പ്രവർത്തനങ്ങൾക്കും ഗുണകരമാവുമെന്ന് അനുമാനിക്കപ്പെടുന്നു.