ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി 2022 ലെ നഴ്സസ് ദിനാഘോഷങ്ങള്‍ നടന്നു – ബെന്നി പരിമണം

ചിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി,(ഐഎന്‍എഐ)യുടെ 2022 ലെ നഴ്സസ് ദിനാഘോഷങ്ങള്‍ മെയ് ഏഴാം തീയതി വൈകീട്ട് ഏഴു മണിക്ക് വ്യത്യസ്ത പരിപാടികളോടെ, ചിക്കാഗോയിലെ സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഈ വര്‍ഷത്തെ നഴ്സസ് ദിനാഘോഷങ്ങള്‍ സമ്മാനിച്ചത് വേറിട്ട അനുഭവമായിരുന്നു.

അലോന ജോര്‍ജ് ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തിന് ശേഷം ക്ലെമന്റ് ഫിലിപ്പ് അവതരിപ്പിച്ച പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. എക്സിക്യൂട്ടീവ് വൈ.പ്രസിഡന്റ് ഡോ.സിമി ജെസ്റ്റോ തന്റെ സ്വാഗത പ്രസംഗത്തില്‍ മഹാമാരിയുടെ രണ്ടു വര്‍ഷം ചുറ്റുമുള്ളതൊന്നും തങ്ങളുടെ ദൃഢനിശ്ചയത്തെ ബാധിക്കാതെ സേവനവും പഠനവും ഒരുമിച്ചു കൊണ്ടുപോയ നഴ്സുമാരെ അഭിനന്ദിച്ചു സംസാരിച്ചു.

Picture2

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട നഴ്സുമാരെ അനുസ്മരിച്ചും തങ്ങള്‍ക്കു മുന്നേ എത്തിച്ചേര്‍ന്നു തങ്ങള്‍ക്കു പാതയൊരുക്കിയ സീനിയര്‍ നഴ്സുമാരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിനു നന്ദി പറഞ്ഞും തന്റെ പ്രസംഗം ആരംഭിച്ച, ഐഎന്‍എഐ പ്രസിഡന്റ് ഷിജി അലക്സ് നഴ്സസ് ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റി തുടര്‍ന്ന് സംസാരിച്ചു. അമേരിക്കയിലെ തൊഴില്‍ സാഹചര്യങ്ങള്‍ നഴ്സുമാരുടെ വളര്‍ച്ചക്ക് അനുയോജ്യമാണെന്നും അതിനാവശ്യമായ എന്ത് സഹായത്തിനും ഐഎന്‍എഐ കൂടെയുണ്ടായിരിക്കും എന്നുറപ്പു നല്‍കുന്നതോടൊപ്പം 8000 ഡോളേഴ്സിന്റെ നഴ്സിംഗ് സ്‌കോളര്‍ഷിപ്പിലേക്കുള്ള റാഫിള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

നഴ്സസ് ദിന സന്ദേശം നല്‍കിയത് അസെന്‍ഷന്‍ ഹെല്‍ത്ത് പോസ്ററ് അക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യോലാണ്ട വില്‍സണ്‍ സ്റ്റബ്ബ്സ് ആയിരുന്നു. നഴ്സിംഗ് എന്ന ജോലി ഒരു നിയോഗമാണെന്നും ആ നിയോഗത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അനുഗ്രഹീതരാണെന്നും, എക്സിക്യൂട്ടീവ് പൊസിഷന്‍സിലേക്കു കടന്നു വരാന്‍ നഴ്സസിനെ ആഹ്വാനം ചെയ്തു കൊണ്ടു അവര്‍ പറഞ്ഞു.

തുടര്‍ന്നു വിവിധ വിഭാഗങ്ങളില്‍ കൈവരിച്ച മുന്നേറ്റം കണക്കിലെടുത്തു അവാര്‍ഡ് വിതരണം നടന്നു. ലീഡര്‍ഷിപ്, ക്ലിനിക്കല്‍ എക്സല്ലന്‍സ്, നഴ്സിംഗ് സ്റ്റുഡന്റ്, എപിഎന്‍, വിഭാഗങ്ങളില്‍ ബീന വള്ളിക്കളം, മരിയ തോമസ്, ബിന്ദു സജി, എമിലി സന്തോഷ്, സാറ അനില്‍, സൂസന്‍ ചാക്കോ എന്നിവര്‍ അവാര്‍ഡിനര്‍ഹരായി. തുടര്‍ന്ന് പുതിയതായി ലൈസന്‍സ് ലഭിച്ചവരെയും, പി.എച്ച്.ഡി., മാസ്റ്റേഴ്സ്, ഡോക്ട്ട്രേറ്റ്, സെര്‍റ്റിഫിക്കേഷന്‍സ് നേടിയവരെയും സെര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

കോവിഡ് കാലം കഴിഞ്ഞു ആദ്യത്തെ ഒത്തുചേരല്‍ എന്നും ഓര്‍മ്മിക്കത്തക്കതായി മനസ്സില്‍ സൂക്ഷിക്കാന്‍ ഉതകുന്നതായിരുന്നു പിന്നീട് നടന്ന കള്‍ച്ചറല്‍ പ്രോഗ്രാം. സെക്രട്ടറി റെജീന ഫ്രാന്‍സിസ് നന്ദി പറഞ്ഞ മീറ്റിംഗിന്റെ എം.സി.ആയി പ്രവര്‍ത്തിച്ചത് ചാരി ചാക്കോ ആയിരുന്നു. പരിപാടിയുടെ മുഴുവന്‍ ചുമതലയും മേല്‍നോട്ടവും വഹിച്ചത് വിന്‍സി ചാക്കോ കണ്‍വീനര്‍ ആയ കമ്മിററി ആയിരുന്നു. വി.പി.ബിനോയ് ജോര്‍ജ്, വിവിധ കമ്മിറ്റികളുടെ കണ്‍വീനേഴ്സ് ആയി പ്രവര്‍ത്തിക്കുന്ന റാണി കാപ്പന്‍, റീന ആഷ്ലി, ജസീന വെളിയത്തുമാലില്‍, ക്രിസ്റോസ് വടകര, ലൈജു പൗലോസ്, മിഥുന്‍ ജോയ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ കചഅക അംഗങ്ങള്‍ അവതരിപ്പിച്ച ഗാനങ്ങളും നൃത്തപരിപാടികളും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റിനെ പ്രതിനിധീകരിച്ചു അനില്‍ മറ്റത്തികുന്നേല്‍ പങ്കെടുത്തു. ചിത്രങ്ങളെടുത്തു സഹായിച്ചത് മോനു വര്‍ഗീസ് ആണ്

Leave Comment