വയ്യായ്മകളെ അവഗണിച്ച് ഓമല്ലൂര്‍ ശങ്കരന്‍ എത്തി

വയ്യായ്മകളെ അവഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളന വേദിയിലെത്തിയത് സദസ്യര്‍ക്ക് ഏറെ ആവേശമുണര്‍ത്തി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം എഴുന്നേറ്റ് അധികനേരം നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ വേദിയിലെ ഇരിപ്പിടത്തില്‍ ഇരുന്നാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. നിറഞ്ഞ കയ്യടികളോടെയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്.

ഏപ്രില്‍ 24 ന് സെന്റ് പീറ്റേഴ്സ് ജംക്ഷനില്‍ വച്ച് അമിതവേഗത്തിലെത്തിയ പിക്കപ് വാനിടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഗുരുതര പരുക്കുണ്ടാകുകയായിരുന്നു. സെന്റ് പീറ്റേഴ്സ് ജംക്ഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന സ്വാഗതസംഘം ഓഫിസില്‍ നിന്നിറങ്ങി എതിര്‍വശത്തു നിര്‍ത്തിയിട്ട കാറിലേക്കു കയറാന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ പിക്കപ് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.റോഡില്‍ തെറിച്ചു വീണ അദ്ദേഹത്തെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് പൊട്ടല്‍ ഉള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം സ്വാഗതസംഘം ഓഫിസില്‍ ഉണ്ടായിരുന്ന മന്ത്രി വീണാ ജോര്‍ജാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുന്‍കയ്യെടുത്തത്.

Leave Comment