സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു: മന്ത്രി ആന്റണി രാജു

Spread the love

പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വയ്ക്കണം. സ്‌കൂള്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം. സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ചു വര്‍ഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തിലെ ഡ്രൈവര്‍ കാക്കി കളര്‍ യൂണിഫോം ധരിക്കണം. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം.

Author