കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്ന വിജ്ഞാന ഉറവിടമാണ് സർവവിജ്ഞാനകോശം

വിവര വിസ്‌ഫോടനത്തിന്റെ കാലത്ത് ഏറ്റവും ആധികാരികമായും കൃത്യത ഉറപ്പാക്കിയും അറിവ് നൽകുന്ന മികച്ച ഉറവിടമാണ് സർവവിജ്ഞാനകോശമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ സർവവിജ്ഞാനകോശം വാല്യം 18, മലയാള സാഹിത്യ വിജ്ഞാനകോശം എന്നിവയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. വരും തലമുറകളിലേക്ക് ഉറപ്പോടെ കൈമാറാവുന്ന ഗ്രന്ഥങ്ങളാണിവയെന്നും മന്ത്രി പറഞ്ഞു. 20 വാള്യങ്ങൾ ലക്ഷ്യമിട്ടാണ് സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഈ ഉദ്യമം ആരംഭിച്ചത്. ഇതിൽ വാല്യം 18 വരെ വിജയകരമായി പൂർത്തിയാക്കാനായത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. സർവവിജ്ഞാനകോശം വാല്യം 18 മന്ത്രി ആർ. ബിന്ദു കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എ. ആർ. രാജന് നൽകി പ്രകാശനം ചെയ്തു. ഇതോടൊപ്പം പ്രസിദ്ധീകരിച്ച മലയാള സാഹിത്യ വിജ്ഞാനകോശത്തിന്റെ ലഘു പതിപ്പ് കേരള സംസ്ഥാന സർവവിജ്ഞാനകോശം ഡയറക്ടർ മ്യൂസ് മേരിയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. വിവിധ വിഷയങ്ങളെ ആധികാരികമായി സമീപിക്കുന്ന 750 ലധികം ലേഖനങ്ങളും ലോക പ്രശസ്തരായവരുടെ ജീവചരിത്രങ്ങളും ചരിത്ര പ്രധാന സംഭവങ്ങളും തുടങ്ങി എണ്ണമറ്റ വിവരങ്ങളാണ് സർവവിജ്ഞാനകോശത്തിന്റെ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.സർവവിജ്ഞാനകോശം വാല്യം 18 ന്റെ കോർഡിനേറ്റർമാരായ കൽപ്പന ഗോപിനാഥ്, എസ് കൃഷ്ണകുമാർ, അസിസ്റ്റന്റ് എഡിറ്റർ എസ് രാജലക്ഷ്മി, കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ കെ എസ് രവികുമാർ, കെ എൻ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

Leave Comment