2022 വര്‍ഷത്തെ കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തന മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ നീക്കം ചെയ്യുവാന്‍ പൊതുമരാമത്ത് റോഡ്‌സ്, എന്‍.എച്ച്. എല്‍.എസ്.ജി.ഡി എന്നിവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. റോഡിന്റെ വശങ്ങളില്‍, വനഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ മുറിച്ചു നിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തെ ചുമതലപ്പെടുത്തി.ഓഫീസ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ നീക്കം ചെയ്യുവാന്‍ ഓഫീസ് മേധാവികള്‍ നടപടി സ്വീകരിക്കണം. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം ഭൂഉടമ വഹിക്കേണ്ടതാണ്. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ മുറിച്ചു നീക്കുന്നതിന് വില്ലേജ് തല ട്രീ കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.ആരോഗ്യവകപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തണം. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതും ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുമാണ്.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ (എ.എല്‍.എസ് സൗകര്യത്തോടു കൂടിയതും) സജ്ജമാക്കണം. റോഡിന്റെ വശങ്ങളില്‍ കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനും നിലവിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വൃത്തിയാക്കുന്നതിനും ആവശ്യമെങ്കില്‍ പുതിയവ സ്ഥാപിക്കുന്നതിനും പിഡബ്ല്യുഡി റോഡ്‌സ്, എന്‍എച്ച് വകുപ്പുകളെ ചുമതലപ്പെടുത്തി.

Leave Comment