ബദൽ അസ്ഥി വികസിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം; നാനോടെക്സ് ബോണിന്

Spread the love

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കൽ പരീക്ഷണാനുമതി.

കാൻസർ ബാധിച്ചോ അപകടങ്ങൾ മൂലമോ താടിയെല്ലിനും കവിളെല്ലിനുമുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ച ‘നാനോടെക്സ് ബോൺ’ എന്ന ഗ്രാഫ്റ്റിന് (ബദൽ അസ്ഥി) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കൽ പരീക്ഷണാനുമതി ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസഷൻ മേയ് 17നാണ് അമൃത സർവകലാശാലയ്ക്കു അനുമതി നൽകിയത്.

അസ്ഥി വളരാനായി സഹായിക്കുന്ന സുഷിരമുള്ള ജീർണിക്കുന്ന സിന്തറ്റിക് ഗ്രാഫ്റ്റാണിത്. തകരാറുള്ള സ്ഥലത്തു പുതിയ അസ്ഥിയെ പുനർജ്ജീവിപ്പിക്കാനും തുടർന്നുള്ള ദന്ത ചികിത്സയ്ക്കും ഈ ഗ്രാഫ്ട് സഹായിക്കുന്നു. അസ്ഥി വളരുന്നതിനനുസരിച്ചു ഈ ഗ്രാഫ്ട് ശരീരത്തിൽ നിന്നും ജീർണിച്ചു പോവുകയും ചെയ്യുമെന്നുള്ളതാണ് ഈ ഗവേഷണത്തിന്റെ ഏറെ സവിശേഷമായ ഫലം. മുയലിലും പന്നികളിലും നടത്തിയ പരീക്ഷണത്തിൽ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ അസ്ഥികൾ പുനർജനിച്ചു പഴയ നിലയിലേക്ക് എത്തിയതായി കണ്ടു.

അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ, അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്റ്ററി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഗവേഷണത്തിന് നേതൃത്വം വഹിച്ചത്. അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ ഡയറക്ടർ ഡോ. ശാന്തികുമാർ വി. നായരുടെ നേതൃത്വത്തിൽ ഡോ. മനിത നായർ, ഡോ. ദീപ്തി മേനോൻ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. വി. മഞ്ജു വിജയമോഹൻ എന്നിവരടങ്ങിയ സംഘത്തിന്റെ പത്തു വർഷത്തോളം നീണ്ട ഗവേഷണഫലമാണിത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഗവേഷണത്തിന്റെ തുടക്കത്തിൽ സാമ്പത്തിക സഹായം നൽകിയത്. മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിനു ഫണ്ട് നൽകിയത് കേന്ദ്രസർക്കാരിന് കീഴിലുള്ള ബയോടക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലാണ്.

താടിയെല്ലുകൾ പുനർജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒരുത്പന്നം, ഓറൽ കാവിറ്റി ബോൺ നഷ്ടമായതിന് ശേഷവും ഒരുവിധം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനു മനുഷ്യരാശിയ്ക്കു സഹായകമാകും.

ലോകത്ത് ഇത്തരത്തിലുള്ള ഒരു ഉൽപ്പന്നം ആദ്യമായിട്ടാണെന്ന് ഗവേഷകർ അറിയിച്ചു. ആദ്യമായാണ് ഒരു യൂണിവേഴ്സിറ്റി ആരോഗ്യ രംഗത്ത് ഇത്തരമൊരു ഉത്പന്നം നിർമിക്കുകയും അതിന്റെ ക്ലിനിക്കൽ ട്രയലിന് ഗവണ്മെന്റ് അനുമതി നേടുകയും ചെയ്യുന്നത്.

Report : Navya Susan Mathew

Author