മാരിടൈം ബോർഡിൽ ഇ-ഓഫീസ് സംവിധാനം

Spread the love

കേരള മാരിടൈം ബോർഡിൽ ഇ- ഓഫീസ് സംവിധാനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഓഫീസ് വ്യവഹാരങ്ങളെ കടലാസിൽനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന്റെ ഗുണവും വേഗതയും വകുപ്പിനും പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥ സമൂഹം കാര്യക്ഷമത പുലർത്തണമെന്നു മന്ത്രി പറഞ്ഞു.ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് വഴി സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുതാര്യത ഡാറ്റാ സെക്യൂരിറ്റി മുതലായവ ഉറപ്പാക്കാനും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. കേരള മാരിടൈം ബോർഡിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന് 8.39 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. സംസ്ഥാന ഐടി മിഷൻ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, കെൽട്രോൺ, കെ സ്വാൻ, ബി എസ് എൻ എൽ എന്നീ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.മൂന്നു ഘട്ടങ്ങളായി കേരള മാരിടൈം ബോർഡിന്റെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടമായാണ് വലിയതുറയിലെ ആസ്ഥാനമന്ദിരത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാംഘട്ടത്തിൽ മൂന്ന് റീജിയണൽ ഓഫീസുകളിലും രണ്ട് മെക്കാനിക്കൽ എൻജിനീയറിങ് വിങ്ങുകളിലും മൂന്നാംഘട്ടത്തിൽ ബാക്കിയുള്ള എല്ലാ ഓഫീസുകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Author