ജെ.സി ഡാനിയേല്‍ അവാര്‍ഡ് കെ.പി കുമാരന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്.2020ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ പി.ജയചന്ദ്രന്‍ ചെയര്‍മാനും സംവിധായകന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.അരനൂറ്റാണ്ടുനീണ്ട ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകര്‍ന്ന സംവിധായകനാണ് കെ.പി കുമാരന്‍ എന്ന് പുരസ്കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. 1972ല്‍ അന്താരാഷ്ട്ര പുരസ്കാരം നേടിയ ‘റോക്ക്’, 1975ലെ ‘അതിഥി’ എന്നീ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ 2020ല്‍ 83ാം വയസ്സില്‍ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത, തികച്ചും ആത്മാര്‍ത്ഥവും അര്‍ത്ഥപൂര്‍ണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് ജൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. യാഥാര്‍ഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളില്‍ നിര്‍ണായക സ്ഥാനമുള്ള ‘അതിഥി’, മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988ലെ ദേശീയ അവാര്‍ഡ് നേടിയ ‘രുഗ്മിണി’ തുടങ്ങിയ ചിത്രങ്ങള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂര്‍വ ദൃശ്യശില്‍പ്പങ്ങളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

Leave Comment