എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്‍റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണം : മുഖ്യമന്ത്രി

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്‍റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിലാവ് പദ്ധതിയുടെ ഭാഗമായി ഈ ലക്ഷ്യത്തില്‍ എത്തുന്നതാണ് ഉചിതം. ഏതെങ്കിലും കാരണവശാല്‍ അതിന് സാധിക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഫിലമെന്‍റ് രഹിതമാകണം. പദ്ധതി സംബന്ധിച്ച അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
നിലവില്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫിലമെന്‍റ് രഹിത ക്യാമ്പയിന്‍റെ ഭാഗമാകാന്‍ പ്രത്യേക നടപടി കൈകൊള്ളണം. post

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും അത്തരം സ്ഥാപനങ്ങളുടെ യോഗം വിളിക്കണം. കെഎസ്ഇബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കണം. നിലവിലുണ്ടായ പരാതികളും ആശങ്കളും ചര്‍ച്ചചെയ്ത് വ്യക്തത വരുത്തി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, കിഫ്ബി സിഇഒ തുടങ്ങിയവര്‍ യോഗം ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഏഴ് വര്‍ഷത്തെ വാറണ്ടി നിലാവ് പദ്ധതിയില്‍പ്പെട്ട എല്‍ഇഡി വിളക്കുകള്‍ക്കുണ്ട്. ഇവ ഉപയോഗശ്യൂന്യമായാല്‍ 48 മണിക്കൂറിനകം മാറ്റാന്‍ നപടിയെടുക്കണം. പരമാവധി ഒരാഴ്ചയ്ക്കുള്ളില്‍ അത്തരം പരാതികള്‍ പരിഹരിക്കാന്‍ എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് ഇടപെടണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉപയോഗശൂന്യമായ വിളക്കുകള്‍ മാറ്റാന്‍ കാലതാമസമുണ്ടാകുന്നതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരാതിപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിർദേശം.
ഫിലമെന്‍റ് രഹിത കേരളം എന്ന ആശയം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടപ്പാക്കുന്നതാണ് നിലാവ് പദ്ധതി. 10.5 ലക്ഷം പരമ്പരാഗത തെരുവു വിളക്കുകള്‍ക്കു പകരം എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കലാണ് ഉദ്ദേശ്യം. ആദ്യ ഘട്ടത്തില്‍ രണ്ട് ലക്ഷവും രണ്ടാം ഘട്ടത്തില്‍ 8.5 ലക്ഷവും ബള്‍ബുകള്‍ എല്‍ഇഡിയിലേക്ക് മാറും.പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കള്‍ ആയി വൈദ്യുതി ബോര്‍ഡും പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റായി എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 573 ഗ്രാമ പഞ്ചായത്തുകളിലും 65 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
യോഗത്തില്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെ.എസ്. ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ രാജൻ ഖൊബ്രഗഡെ എന്നിവർ പങ്കെടുത്തു.

Leave Comment