എസ്എസ്എൽസി സമ്പൂർണ വിജയം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി

Spread the love

സമേതം പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
2023ലെ എസ് എസ് എൽ സി പരീക്ഷയിൽ ജില്ലയിലെ എല്ലാ കുട്ടികളെയും വിജയിപ്പിക്കുന്നതിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിനുമായി സംഘടിപ്പിക്കുന്ന പ്രത്യേക പദ്ധതി -സമേതം 2023 എസ് എസ് എൽ സി പ്ലസ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ പത്താം തരത്തിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ അധ്യാപകർ സന്ദർശനം നടത്തുക, ഓരോ കുട്ടിക്കും ഓരോ പ്രൊഫൈൽ തയ്യാറാക്കുക, പ്രത്യേക പി ടി എ, എസ് ആർ ജി തുടങ്ങിയ യോഗങ്ങൾ വിളിച്ചുചേർക്കുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതികൾ. കുട്ടിയുടെയും സ്കൂളിന്റെയും അവസ്ഥാപഠനം നിശാപാഠശാലകൾ എല്ലായിടത്തും സംഘടിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും.
പദ്ധതിയുടെ മേൽനോട്ടത്തിനായി സമിതികൾ രൂപീകരിക്കും. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 3 വിദ്യാഭ്യാസ ജില്ലകളിൽ നെല്ലിക്ക, ജ്യോതിസ്, അതീതം എന്നിങ്ങനെ പദ്ധതികൾ നടപ്പിലാക്കി വിജയം കണ്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വിപുലീകരിച്ച് സമേതം 2023 എസ് എസ് എൽ സി പ്ലസ് പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ “നെല്ലിക്ക” എന്ന പേരിലും തൃശൂരിൽ “ജ്യോതിസ്”എന്ന പേരിലും ചാവക്കാട് അതീതം എന്ന പേരിലുമാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. 2022 ലെ എസ് എൽ എൽ സി ഫലത്തിൽ മികച്ച വിജയം ഉറപ്പാക്കാൻ പദ്ധതികൾ സഹായിച്ചു. ഈ വിജയത്തിന് പിന്നിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരും അധ്യാപകരും രക്ഷിതാക്കളുമെല്ലാം വഹിച്ച പങ്ക് വലുതാണെന്നും. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ഫലമാണ് നാം ലക്ഷ്യം വെക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
മാർ തിമൊഥിയൂസ് ഹൈസ്കൂളിൽ നടന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ എ വി വല്ലഭൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ-കായികകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ എ ഗോപകുമാർ, കൗൺസിലർ ലീല ടീച്ചർ, എസ് എസ് കെ ജില്ലാ കോഡിനേറ്റർ ഡോ എൻ ജെ ബിനോയ്‌, കൈറ്റ് ജില്ലാ കോഡിനേറ്റർ എം അഷറഫ് എന്നിവർ സംസാരിച്ചു.

 

 

Author