സംസ്കൃത സർവ്വകലാശാലയിൽ അക്കാദമിക് റൈറ്റിംഗിൽ പ്രഥമ ശില്പശാല ആഗസ്റ്റ് 10ന്

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമായി ഭാഷാവിവർത്തനം, അക്കാദമിക് റൈറ്റിംഗ് എന്നീ വിഷയങ്ങൾ വിദഗ്ധ പരിശീലനം ലക്ഷ്യമാക്കി അധ്യാപകർക്കായി ശില്പശാലകൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10 രാവിലെ 10ന് കാലടി മുഖ്യ ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിൽ സംഘടിപ്പിക്കുന്ന പ്രഥമ ശില്പശാലയിൽ സാഹിത്യ വിവർത്തകയും മലയാളം സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. ഇ. വി. ഫാത്തിമ ക്ലാസ്സുകൾ നയിക്കും. വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ ആമുഖ പ്രഭാഷണം നിർവ്വഹിക്കും. ഡോ. ശീതൾ എസ്. കുമാർ, ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിക്കും. ശില്പശാല വൈകിട്ട് നാലിന് സമാപിക്കും. മൂന്ന് ഘട്ടങ്ങളിലായി ഈ വർഷം സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ ആദ്യ ശില്പശാലയാണിത്. തുടർന്നുളള ശില്പശാലകൾ നയിക്കുന്നത് ന്യൂഡൽഹി അശോക സർവ്വകലാശാലയിലെ സംസ്കൃത അധ്യാപകൻ ഡോ. നരേഷ് കീർത്തി നാരായണൻ, വിയന്ന സെൻട്രൽ യൂറോപ്യൻ സർവ്വകലാശാലയിലെ അധ്യാപകൻ ഡോ. സഞ്ജയ് കുമാർ എന്നിവരായിരിക്കും. കേന്ദ്രീകൃതമായ അക്കാദമിക് റൈറ്റിംഗ് പരിശീലന സംവിധാനമാണ് ഈ ശില്പശാലകളിലൂടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിലവിൽ വരുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഇത്തരം പരിശീലന സംവിധാനം ഇദംപ്രഥമമാണെന്ന് സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ് കോ-ഓർഡിനേറ്റർ ഡോ. ശീതൾ എസ്. കുമാർ അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author