സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരളസവാരിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്്റ്റ് 17ന് ഉച്ചക്ക് 12 മണിക്ക് കനകക്കുന്നിൽ നടക്കുന്ന ഉദ്ഘാടനപരിപാടിയുടെ നടത്തിപ്പിനായി ലേബർ കമ്മിഷണർ നവ് ജ്യോത് ഖോസ കൺവീനറായ സ്വാഗതസംഘം രൂപീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ, സി ജയൻബാബു,കെ എസ് സുനിൽകുമാർ, വി ആർ പ്രതാപൻ, നാലാഞ്ചിറ ഹരി, ജി മാഹീൻ അബൂബക്കർ,പു്ത്തൻപള്ളി നിസ്സാർ,സി കെ ഹരികൃഷ്ണൻ,മൈക്കിബാസ്റ്റ്യൻ, സി ജ്യോതിഷ്‌കുമാർ,ഇ വി ആനന്ദ്, തുടങ്ങിയവർ സംസാരിച്ചു. നിരവധി പ്രതിസന്ധികൾ നേരിടുന്ന മോട്ടോർ തൊഴിലാളികൾക്ക് കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച നിരക്കിൽ യാത്രക്കാർക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ ടാക്സി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ കേരള സവാരി ഓൺലൈൻ ടാക്സി സർവീസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യഘട്ടം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുക. അഞ്ഞൂറോളം ഡ്രൈവർമാർക്ക് പരിശീലനം നൽകി കഴിഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ, ലേബർ കമ്മിഷണർ നവ്‌ജ്യോത് ഖോസ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും അഡീ. ലേബർ കമ്മിഷണറുമായ രഞ്ജിത്ത് പി മനോഹർ തുടങ്ങിയവർ സംബന്ധിച്ചു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 
Leave Comment