രാജ്യത്തിന്റെ 75-ാം മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ കെപിസിസി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
ആഗസ്റ്റ് 14 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വീടുകളിലും ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തില്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.


ആഗസ്റ്റ് 15ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാവിലെ 8.30ന് 75 സേവാദള്‍ വാളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കെപിസിസിയിലേക്ക് സ്വാതന്ത്ര്യ പദയാത്ര സംഘടിപ്പിക്കും. കെപിസിസി ആസ്ഥാനത്ത് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.തുടര്‍ന്ന് ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചമ്മയെ കെപിസിസിയുടെ നേതൃത്വത്തില്‍ ആദരിക്കും.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി ഗാനസദസ്സില്‍ മുഖ്യാതിഥിയായി പ്രശസ്ത ചലചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ പങ്കെടുക്കും. കെപിസിസി ആരംഭിക്കുന്ന ജയ്‌ഹോ റേഡിയോയുടെ ഉദ്ഘാടനം നടക്കും.കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave Comment