യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബീച്ച് ഡെസ്റ്റിനേഷനുകളില്‍ കേരളവും

Spread the love

കൊച്ചി: വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കേരളം, ഗോവ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ബീച്ച് ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുന്നതായി എയര്‍ ബിഎന്‍ബി പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. പകര്‍ച്ച വ്യാധിയുടെ സമയത്ത് കുറഞ്ഞ യാത്രക്കാരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതായും 2021ലെ ആദ്യ പാദം മുതല്‍ 2022ലെ ആദ്യ പാദം വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള അതിഥികള്‍ എയര്‍ ബിഎന്‍ബി വഴിയുള്ള താമസം തിരയുന്നതില്‍ 60 ശതമാനം വര്‍ധിച്ചു. കാനഡ, യുഎഇ, യുകെ, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി ടൂറിസം കേന്ദ്രങ്ങള്‍ തിരയുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതോടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി അന്താരാഷ്ട്ര യാത്രക്കാര്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ട്.
ന്യൂ ഡെല്‍ഹി, ബെംഗലൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ മെട്രോ നഗരങ്ങളാണ് അന്താരാഷ്ട്ര യാത്രകാര്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. ഹിമാച്ചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഹില്‍സ്റ്റേഷനുകളും അന്വേഷിക്കുന്നവര്‍ ഏറെയാണ്.
പ്രാദേശിക സമൂഹങ്ങള്‍ക്ക് യാത്രാ വിപ്ലവത്തിന്റെ ഗുണം പരമാവധി ലഭിക്കുന്നതിനായി പ്രാദേശിക ആതിഥേയരുമായും സര്‍ക്കാരുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ബിഎന്‍ബി ഇന്ത്യാ ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് പറഞ്ഞു.
എയര്‍ ബിഎന്‍ബി അടുത്തിടെ നടത്തിയ പ്ലാറ്റ്‌ഫോം നവീകരണം ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നതിനായി പ്രദേശവാസികള്‍ക്ക് ആതിഥേയരാകാനുള്ള അവസരം കൂടുതല്‍ എളുപ്പമാക്കുന്നു.

Report : ATHIRA.V.AUGUSTINE

Author