ഭാരത് ജോഡോ യാത്ര സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടും : കൊടിക്കുന്നില്‍ സുരേഷ് എംപി

Spread the love

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളോടൊപ്പം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ പരാജയവും സ്വജനപക്ഷപാതവും അഴിമതിയും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കെപിസിസി ഉയര്‍ത്തിക്കാട്ടുമെന്ന് വര്‍ക്കിംഗ് പ്രസിഡന്റും ഭാരത് ജോഡോ യാത്ര സംസ്ഥാന കോഡിനേറ്ററുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തുന്നത്.സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയിലെ ഗാന്ധി കല്‍മണ്ഡപത്തില്‍ നിന്ന് തുടങ്ങുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുന്നത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

സെപ്റ്റംബര്‍ 11 മുതല്‍ 29വരെയാണ് ജാഥ കേരളത്തിലൂടെ കടന്ന് പോകുന്നത്. ജാഥയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അന്തിമരൂപം നല്‍കുന്നതിനുമായി ആഗസ്റ്റ് 30ന് കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന നേത്യയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍, ഭാരത് ജോഡോ യാത്രയുടെ ദേശീയ കോഡിനേറ്റര്‍ ദിഗ് വിജയ് സിംഗ്, എഐസിസി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ ഭവന സന്ദര്‍ശനം നടത്തി ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കും.അതിനായി വിപുലമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ കെപിസിസി സംഘടിപ്പിക്കുന്നത്. ദേശീയ സംഘാടക സമിതിക്ക് പുറമെ കേരളത്തില്‍ സംസ്ഥാന,ജില്ലാ, നിയോജക മണ്ഡലം തലത്തില്‍ കോഡിനേഷന്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കേരളത്തില്‍ ഭാരത് ജോഡോ യാത്ര വിജയിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

തമിഴ്‌നാട് – കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വന്‍സ്വീകരണം ഒരുക്കും.രാവിലെ 7 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെയുമാണ് ജാഥയുടെ സമയക്രമം. പകല്‍ സമയങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള മഹത് വ്യക്തികള്‍,സാംസ്‌കാരിക നായകര്‍, തൊഴിലാളികള്‍, യുവതി-യുവാക്കള്‍ തുടങ്ങിയവരുമായി ജാഥാ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി സംവദിക്കും. ഓരോ ദിവസം

പദയാത്ര 25 കിലോമീറ്റര്‍ സഞ്ചരിക്കും. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 475 കി.മീറ്റര്‍ ദൂരമാണ് കേരളത്തില്‍ യാത്ര പര്യടനം നടത്തുന്നത്. യാത്ര കടന്ന് പോകുന്ന ഓരോ ജില്ലയിലും സമാപന ദിവസം ഒരു പൊതുസമ്മേളനം വീതം സംഘടിപ്പിക്കും. പാറശാല മുതല്‍ തൃശ്ശൂര്‍ വരെ ദേശീയപാത വഴിയും തൃശ്ശൂര്‍ മുതല്‍ നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമാണ് ജാഥ കടന്ന് പോകുന്നത്.

കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പദയാത്രയെ അനുഗമിക്കും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങളും യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ബിജെപി ഭരണത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.ജാതി,മതം,പ്രദേശം,ഭാഷ,ആഹാരം, വസ്ത്രധാരണം എന്നിവയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു.പാര്‍ലമെന്റിനെ റബ്ബര്‍ സ്റ്റംമ്പാക്കി പ്രതിപക്ഷത്തെ നിശബ്ദമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നു. പ്രതിഷേധ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടി അതിന് ഏറ്റവും വലിയ തെളിവാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

മോദി ഭരണത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു.ഭരണഘടനയും മൗലികാവകാശങ്ങളും കശാപ്പ് ചെയ്യപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു.ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കപ്പെട്ടു. തൊഴില്ലില്ലായ്മ അതിരൂക്ഷമായി.നികുതി ഭീകരത കൊടികുത്തിവാഴുന്നു.രാജ്യത്ത് തലതിരിഞ്ഞ സാമ്പത്തിക നയമാണ് മോദി നടപ്പാക്കുന്നത്. പാവപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രനാവുകയും സമ്പന്നര്‍ അതിസമ്പന്നതയിലേക്ക് വളരുന്ന നയവുമാണ് മോദി സര്‍ക്കാരിന്റെത്.ലോക സമ്പന്നന്‍മാരുടെ പട്ടികയില്‍ മോദിയുടെ ഇഷ്ടക്കാരായ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഇടം പിടിക്കുമ്പോള്‍ ഇന്ത്യയില്‍ അതിദരിദ്രരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും ഇത്തരം ജനദ്രോഹ നടപടികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അവരുടെ പ്രതിഷേധം രാജ്യത്താകമാനം എത്തിക്കുക എന്നതാണ് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കെപിസിസി ഭാരവാഹികളായ വി ടി ബല്‍റാം,കെ.ജയന്ത്,വി.പ്രതാപചന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.